കൊഴൂര്‍ – പൊട്ടിപ്പാറ ശുദ്ധജല പദ്ധതി ഉപയോഗശൂന്യം

Posted on: February 25, 2015 10:38 am | Last updated: February 25, 2015 at 10:38 am

കോട്ടക്കല്‍: നഗരസഭയുടെ കൊഴൂര്‍-പൊട്ടിപ്പാറ ശുദ്ധജല പദ്ധതി ഉപയോഗ ശൂന്യമായി. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ പ്രശ്‌ന പരിഹാരത്തിനായി സ്ഥാപിച്ച പദ്ധതിയാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. പത്ത്‌വര്‍ഷം മുമ്പാണ് ഇതിനായി ടാങ്കും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. പറപ്പൂര്‍ ഗ്രാമപഞ്ചായത്തും കോട്ടക്കല്‍ നഗരസഭയും അതിര് പങ്കിടുന്ന കൊഴൂരിലാണ് വെള്ള സംഭരണി. ചങ്കുവെട്ടി പാടത്ത് ഇതിനായി കിണറും നിര്‍മിച്ചു.

2005 മാര്‍ച്ച് 24ന് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഗുണം ഒരു വര്‍ഷം മാത്രമായിരുന്നു. തുടക്കത്തില്‍ വെള്ളം ലഭിച്ചിരുന്ന കിണറില്‍ ചെളി നിറഞ്ഞതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്. കിണര്‍ വൃത്തിയാക്കി പദ്ധതി ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധകാണിച്ചില്ല. എല്ലാ വര്‍ഷവും ഇതിനായി തുക വകയിരുത്താറുണ്ട്. ഈ വര്‍ഷവും ഇതാവര്‍ത്തിച്ചിട്ടുണ്ട്.
തുക വകയിരുത്തുകയല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗ പെടുത്താതാണ് ഇവയുടെ നാശത്തിന് കാരണമാകുന്നത്. നിലവിലെ കിണര്‍ ഉപയോഗശൂന്യമായ സാഹചര്യത്തില്‍ പറപ്പൂര്‍ പുഴയില്‍ നിന്നും വെളളം എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇതിനുള്ള ശ്രമവും നടക്കാത്തതിനാല്‍ പത്ത് വര്‍ഷം മുമ്പാരംഭിച്ച പദ്ധതി നശിക്കുകയാണിപ്പോള്‍.