Connect with us

Kozhikode

തൂണേരി അക്രമം: നഷ്ടം ആറ് കോടി; പരിഹാരം ഉടന്‍

Published

|

Last Updated

കോഴിക്കോട്: നാദാപുരത്ത് യുവാവിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട് തൂണേരിയിലുണ്ടായ അക്രമത്തില്‍ ആറ് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പ് റിപ്പോര്‍ട്ട്. ഇതില്‍ കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടം മാത്രം 1.16 കോടി രൂപയാണ്. നിലവിലുള്ള മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തിലാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്. ഈ തുക 76 പേര്‍ക്കുള്ള നഷ്ടപരിഹാരമായി ഉടന്‍ നല്‍കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. ഇതോടൊപ്പം ഫര്‍ണീച്ചര്‍, ഇലക്ട്രിക്കല്‍സ്, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
അക്രമ സംഭവങ്ങളില്‍ പരുക്കേറ്റവരില്‍ കാഠിന്യമുള്ള മുറിവ് പറ്റിയ മുന്ന് പേര്‍ക്ക് പത്ത് ലക്ഷം രൂപയും മറ്റുള്ളവരില്‍ മുറിവിന്റെ കാഠിന്യമനുസരിച്ച് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയും നല്‍കുന്നതിനും ശിപാര്‍ശ ചെയ്യും. സംഭവസ്ഥലത്ത് മലിനപ്പെടുത്തിയ കിണറുകള്‍ വൃത്തിയാക്കാനും കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും നാശം സംഭവിച്ച വീടുകള്‍ പരിശോധിച്ച് വൈദ്യുതി ബന്ധം താത്കാലികമായി പുനഃസ്ഥാപിക്കുന്നതിനും വടകര തഹസില്‍ദാര്‍, കെ എസ് ഇ ബി അധികൃതര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇതിനുള്ള ചെലവിലേക്കാവശ്യമായ തുക ലഭ്യമാക്കാന്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തു.
പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇ കെ വിജയന്‍ എം എല്‍ എ, കലക്ടര്‍ എന്‍ പ്രശാന്ത്, സബ് കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ്, എ ഡി എം കെ രാധാകൃഷ്ണന്‍, വടകര പോലീസ് സൂപ്രണ്ട് ടി എച്ച് അശ്‌റഫ് പ്രസംഗിച്ചു.

Latest