Connect with us

International

21 കോപ്റ്റിക് ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്ന ഇസില്‍ വീഡിയോ വ്യാജം?

Published

|

Last Updated

വാഷിംഗ്ടണ്‍: ഈജിപ്തുകാരായ 21 കോപ്റ്റിക് ക്രിസ്ത്യാനികളെ തലയറുത്തുകൊലപ്പെടുത്തുന്ന ഇസില്‍ വീഡിയോ വിദഗ്ധരായ ആളുകളുടെ സഹായത്തോടെയുള്ള വ്യാജ സൃഷ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡെയ്‌ലി മെയില്‍ പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. ആളുകള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാകാമെന്നാണ് കണ്ടെത്തല്‍. തീവ്രവാദികള്‍ക്ക് ഏഴ് അടി ഉയരമുള്ളതും ബീച്ചില്‍ വെച്ച് തന്നെയാണോ മുഴുവന്‍ തടവുകാരെയും കൊലപ്പെടുത്തിയതെന്ന കാര്യവും സംശയത്തിന്റെ നിഴലിലാണ്.
ഇസില്‍ തീവ്രവാദികള്‍ വ്യാജമായി വീഡിയോകള്‍ സൃഷ്ടിക്കുന്ന രീതി സാധാരണമാണെന്നും ഇപ്പോള്‍ അവകാശപ്പെടുന്ന കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ അത് സ്റ്റുഡിയോകളില്‍ വെച്ച് ഷൂട്ട് ചെയ്തതായിരിക്കാമെന്നും ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെററിസം റിസര്‍ച്ച് ആന്‍ഡ് അനലൈസിസ് വിഭാഗത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വെരിയേന്‍ ഖാന്‍ പറഞ്ഞു. വീഡിയോയില്‍ കാണുന്ന പശ്ചാത്തല ചിത്രങ്ങള്‍ മറ്റേതോ ഭാഗത്തുനിന്നുള്ളതാണ്. ഇതിന് പുറമെ വീഡിയോയില്‍ കാണാവുന്ന നിരവധി സാങ്കേതിക പിഴവുകളില്‍ നിന്ന് തന്നെ ഈ വീഡിയോ വ്യാജമായിരുന്നെന്ന് ഉറപ്പിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അഭിപ്രായത്തെ പിന്തുണച്ച് ഹോളിവുഡിലെ ഹൊറര്‍ സിനിമകളുടെ ഡയറക്ടര്‍ മാരി ലാംബര്‍ട്ടും രംഗത്തെത്തി. വീഡിയോയില്‍ കേള്‍ക്കുന്ന കടലില്‍ നിന്നുള്ള ശബ്ദങ്ങള്‍ അറിയപ്പെട്ട ഒരു ഓഡിയോ ട്രാക്കില്‍ നിന്ന് പകര്‍ത്തിയതാണെന്നും ഇതിന് പുറമെ രക്തനിറത്തിലുള്ള ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഈ രംഗത്തുള്ള മറ്റു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.