Connect with us

National

പൊതുബജറ്റില്‍ മധ്യവര്‍ഗക്കാര്‍ക്ക് ഇളവുകളുണ്ടാകുമെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ ബജറ്റില്‍ ഏറെ ഇളവുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സാധാരണക്കാരനോട് നീതി പുലര്‍ത്തുന്നതായിരിക്കും 28ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ്. ആദായ നികുതി മാനദണ്ഡങ്ങളും നിക്ഷേപ പരിധിയും ഉയര്‍ത്താനാണ് നീക്കമെന്നാണ് സൂചന.
ആദായ നികുതിദായകര്‍ക്കുള്ള ഇളവുകളോടൊപ്പം കോര്‍പറേറ്റുകളുടെ നിക്ഷേപം ഊര്‍ജിതപ്പെടുത്താനും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മാണം പ്രോത്സാഹിപ്പിക്കാനും നടപടികളുണ്ടാകും. ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കാനുള്ള പരിധി അമ്പതിനായിരത്തില്‍ നിന്ന് 2.5 ലക്ഷം രൂപയാക്കി കഴിഞ്ഞ തവണത്തെ ബജറ്റില്‍ ജെയ്റ്റ്‌ലി ഉയര്‍ത്തിയിരുന്നു. സേവിംഗ്‌സിലുള്ള പരിധി 1.5 ലക്ഷവുമാക്കി. ആരോഗ്യ ഇന്‍ഷ്വറന്‍സിലും പെന്‍ഷന്‍ പദ്ധതികളിലുള്ള നിക്ഷേപങ്ങളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കാനുള്ള പരിധി ഈ ബജറ്റില്‍ ഉയര്‍ത്തിയേക്കും. ലീവ് ട്രാവല്‍ അലവന്‍സി (എല്‍ ടി എ)ന്റെ സാധ്യത വ്യാപകമാക്കാനും എല്ലാ വര്‍ഷവും നികുതി ഇളവിന്റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കാനും ലക്ഷ്യമുണ്ട്.
ഭവന വായ്പകളില്‍ പലിശയടക്കുന്നവര്‍ക്ക് വലിയ നികുതിയിളവ് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ പ്രാവശ്യം നികുതിയിളവിന്റെ പരിധി 1.5 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. കോര്‍പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള അധികനികുതി നിലനിര്‍ത്തും. ഒരു കോടി രൂപക്ക് മുകളില്‍ വരുമാനമുള്ള വ്യക്തികള്‍ക്കും പത്ത് കോടി രൂപക്ക് മുകളില്‍ ലാഭമുള്ള കോര്‍പറേറ്റുകള്‍ക്കും 10 ശതമാനം സര്‍ചാര്‍ജാണ് നിലവിലുള്ളത്.
കോര്‍പറേറ്റുകളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകാതിരിക്കാന്‍ ഏറെ വിവാദമായ ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍സ് (ഗാര്‍) നടപ്പാക്കുന്നത് നീട്ടിവെച്ചേക്കും. നിക്ഷേപ അന്തരീക്ഷത്തെ ബാധിച്ചതിനാല്‍ രണ്ട് വര്‍ഷത്തേക്ക് നിയമം പ്രാബല്യത്തിലാക്കുന്നത് നീട്ടാനാണ് സാധ്യത.
ചരക്ക്, സേവന നികുതി നടപ്പാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ജെയ്റ്റ്‌ലി ശ്രമിക്കും. 2016 ഏപ്രിലിന് മുമ്പ് ഇത് പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

---- facebook comment plugin here -----