Connect with us

Malappuram

സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതിക്ക് തുടക്കം

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് പഠന സൗകര്യവും ടാബ്‌ലെറ്റ് വിതരണവും തുടങ്ങി. ഇന്റര്‍നെറ്റ് ഉപയോഗവും മെയില്‍ സര്‍വീസും സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് ടാബ് ലെറ്റുകള്‍ വിതരണം ചെയ്യും. വളാഞ്ചേരി, പൊന്‍മുണ്ടം, തിരൂരങ്ങാടി, തേഞ്ഞിപ്പാലം, കൊണ്ടോട്ടി, ചുങ്കത്തറ, ആലങ്കോട് എന്നീ പഞ്ചായത്തുകളിലാണ് ഇ- പഠന സൗകര്യം നല്‍കുന്നത്. വളാഞ്ചേരി പഞ്ചായത്തില്‍ ടാബ്‌ലെറ്റ് വിതരണവും ട്രൈയിനിംഗ് ക്ലാസുകളും തുടങ്ങി. 21 വാര്‍ഡുകളിലായാണ് ട്രൈയിനിംഗ് പുരോഗമിക്കുന്നത്. വാര്‍ഡ് തലത്തില്‍ ഇ-സാക്ഷരതാ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡില്‍ നിന്നും സാങ്കേതിക പരിജ്ഞാനമുള്ള ഒരു റിസോഴ്‌സ് പേഴ്‌സന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഇവരാണ് ഉപഭോക്താക്കള്‍ക്ക് ക്ലാസുകളെടുക്കുക. ഇതിനായി പ്രത്യേക ക്ലാസ് മുറികള്‍ ഉണ്ടാവില്ല. ഗുണഭോക്താവിന്റെ താമസസ്ഥലത്തോ, പൊതുസ്ഥലത്തോ വച്ചായിരിക്കും ക്ലാസ്.
കെല്‍ട്രോണുമായി സഹകരിച്ച് 13,990 രൂപ വിലവരുന്ന ഏഴ് ഇഞ്ച് ടാബ് ലെറ്റാണ് 9,250 ന് വിതരണം ചെയ്യുന്നത്. ടാബ്‌ലെറ്റിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആറ് ലക്ഷമാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനമായ പരിശീലന ക്ലാസ് അക്ഷയയുമായി സഹകരിച്ച് നടപ്പിലാക്കും. ഇ-സാക്ഷരതാ ക്ലാസില്‍ എന്താണ് കമ്പ്യൂട്ടര്‍, എങ്ങനെ പ്രവര്‍ത്തിപ്പിക്കാം, വേഡ് പ്രൊസസിംഗ്, ഇന്റര്‍നെറ്റ് ഉപയോഗം, മെയില്‍ ഐ ഡി, പവര്‍പോയിന്റ് എന്നീ പ്രാഥമിക പാഠങ്ങള്‍ പ്രായോഗിക പരിശീലനത്തിലൂടെ ഗുണഭോക്താവിന് പകര്‍ന്ന് നല്‍കും.

Latest