Connect with us

Ongoing News

വിനയാന്വിതനായ പണ്ഡിതസൂരി: കാന്തപുരം

Published

|

Last Updated

ദേളി: വിജ്ഞാനത്തിന്റെ നിറഫലത്താല്‍ വിനയം കൊണ്ട് ശിരസ്സ് താണ പണ്ഡിത പ്രതിഭയായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
സഅദിയ്യ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പാദനത്തിനോടും അതിന്റെ പ്രസരണത്തോടും അങ്ങേയറ്റത്തെ ഇഷ്ടമായിരുന്നു എം എ ഉസ്താദിന്. മതവിദ്യാര്‍ഥികളോട് കൃപയും സമൂഹത്തോട് താഴ്മയും കാണിച്ചു. സഅദിയ്യക്കായി തന്റെ ജീവിതം തന്നെ ചിലവഴിച്ചു. അദ്ദേഹത്തിന്റെ വിനയ മാതൃക പിന്‍പറ്റണമെന്ന് കാന്തപുരം പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പുരുഷായുസ്സ് മുഴുവന്‍ മതപ്രബോധന മേഖലയില്‍ വിനിയോഗിച്ച പണ്ഡിതനാണ് എം എ ഉസ്താദെമന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരിച്ചു.
നട്ടുച്ചനേരത്ത് സൂര്യന്‍ അസ്തമിച്ചുപോയ പ്രതീതിയാണ് സമൂഹത്തിനുണ്ടായതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. പണ്ഡിതര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയായിരുന്നു ഉസ്താദ്. ചലനം പോലും ചിട്ടപ്പെടുത്തി ജീവിച്ച പണ്ഡിതനായിരുന്നു ഉസ്താദെന്ന് സമസ്ത കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ അനുസ്മരിച്ചു.
സുന്നത്ത് ജമാഅത്തിന്റെ ആശയം പ്രചരിപ്പിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുകയും പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു ഉസ്താദ് എന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി അനുസ്മരിച്ചു.
പിതൃതുല്യനായ സമുദായ നേതാവിനെ നഷ്ടമായതായും സുന്നി ഐക്യമെന്ന ഉസ്താദിന്റെ സ്വപ്‌നം പൂവണിയാന്‍ പരിശ്രമിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
മറ്റൊരാള്‍ക്കും കിട്ടാത്ത വലിയ യാത്രയയപ്പാണ് ഉസ്താദിന് കിട്ടിയ അന്ത്യാഭിവാദ്യങ്ങളെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍ പറഞ്ഞു.
ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഗഫാര്‍ സഅദി, ഡി സി സി വൈസ് പ്രസിഡന്റ് പി കെ ഫൈസല്‍, മന്‍സൂര്‍ ഹാജി ചെന്നൈ, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ , കെ പി ഹുസൈന്‍ സഅദി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസംഗിച്ചു.

Latest