മലയാളി യുവാവ് ഒരു വര്‍ഷമായി മാലി ജയിലില്‍

Posted on: February 19, 2015 2:43 am | Last updated: February 18, 2015 at 11:43 pm

കോട്ടയം: ചെയ്യാത്ത കുറ്റത്തിന് ഒരു വര്‍ഷമായി മലയാളി യുവാവ് മാലദ്വീപ് ജയിലില്‍ ജീവിതം തള്ളിനീക്കുന്നു. കോട്ടയം വെളിയന്നൂര്‍ അരീക്കര രാജേഷ് കാക്കനാട്ട് ഭാസ്‌കരന്‍ (33) ആണ് കഴിഞ്ഞ ഒരു വര്‍ഷമായി നരകജീവിതം നയിക്കുന്നത്. 2014 ഫെബ്രുവരി 27 നാണ് രാജേഷിനെ മാലദ്വീപ് പോലിസ് അറസ്റ്റ് ചെയ്തത്. തെറ്റായ രക്തപരിശോധന റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു മാലദ്വീപിലെ പ്രധാന ഹോസ്പിറ്റലായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യനായി അഞ്ചു വര്‍ഷം ജോലിചെയ്തിരുന്ന രാജേഷിനെ അറസ്റ്റു ചെയ്തത്. മറ്റൊരു ജീവനക്കാരി തയ്യാറാക്കിയ രക്തപരിശോധന റിപോര്‍ട്ടില്‍ ലാബ് ഇന്‍ചാര്‍ജായിരുന്ന രാജേഷ് ഒപ്പുവച്ചു എന്നതാണ് യുവാവ് ചെയ്ത കുറ്റം. എച്ച് ഐ വി പോസിറ്റീവ് ആയ രക്തത്തിന്റെ റിപ്പോര്‍ട്ടില്‍ എച്ച് ഐ വി നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുകാരണം എച്ച് ഐ വി ബാധയുള്ളയാളുടെ രക്തം മറ്റൊരു മാലദ്വീപ് സ്വദേശിക്ക് നല്‍കിയതോടെ പ്രശ്‌നം വിവാദമായി. ആ വിവാദത്തിന്റെ ഇരയാണ് രാജേഷ്. ഈ കേസിന്റെ വിധി ഈ മാസം 15 ന് വന്നു. കേസില്‍ രാജേഷിനെതിരായ കുറ്റം തെളിയിക്കാനായിട്ടില്ല. ഇപ്പോള്‍ കേസ് മാലദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറലിനു (പി ജി) കൈമാറിയിരിക്കയാണ്. പി ജി യ്ക്ക് രാജേഷിനെ വെറുതെ വിടുകയോ കേസ് പുനരന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാം. ഏതായാലും രാജേഷിന്റെ ഭാര്യ മഞ്ജുവും കുടുംബവും അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ഈ വിഷയത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മ വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ മെയിലുകള്‍ അയച്ചു ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. നൂറു കണക്കിന് മെയിലുകള്‍ ഇവര്‍ക്ക് അയച്ചിരുന്നു. മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെയും മാലദ്വീപിലെ ഇന്ത്യന്‍ എംബസിയുടെയും ശക്തമായ ഇടപെടല്‍ ഉടനെ ഉണ്ടായാലേ രാജേഷ് മോചിതനാവൂ. കേസ്സില്‍ പുനരന്വേഷണം തീരുമാനിച്ചാല്‍ ഇനിയും രാജേഷ് വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ രക്തപരിശോധന സംവിധാനത്തിലെ പോരായ്മകളാണ് തെറ്റായ റിപോര്‍ട്ട് തയ്യാറാക്കാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്. യു എന്‍ രക്തപരിശോധന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ രക്ത പരിശോധന നടക്കുന്നതെന്ന് കോടതിയില്‍ രാജേഷിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.