Connect with us

Kerala

വയനാട്ടില്‍ ഭീതിവിതച്ച നരഭോജി കടുവയെ വെടിവെച്ചുകൊന്നു

Published

|

Last Updated

ഗൂഢല്ലൂര്‍: രണ്ട് പേരെ കടിച്ചുകൊന്ന് വയനാടന്‍ വനമേഖലയില്‍ ഭീതിവിതച്ച കടുവയെ ഒടുവില്‍ വെടിവെച്ചു കൊന്നു. ദേശീയ വന്യജീവി അസോസിയേഷന്റെ നേതൃത്വത്തില്‍ നീലഗിരി ജില്ലയിലെ പിതൃക്കാടിനടുത്ത പെരുമ്പള്ളിയിലെ സ്വകാര്യ തേയില എസ്‌റ്റേറ്റില്‍ വെച്ചാണ് കടുവയെ കൊലപ്പെടുത്തിയത്. എസ്‌റ്റേറ്റില്‍ കാട്ടാടിനെ വേട്ടയാടുന്നത് കണ്ട് തൊഴിലാളികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതനുസരിച്ച് വനം വകുപ്പും ദേശീയ വന്യജീവി അസോസിയേഷന്‍ അംഗങ്ങളും സ്ഥലത്തെത്തി കടുവയെ വകവരുത്തുകയായിരുന്നു. തമിഴ്നാട് ഉദ്യോഗസ്ഥരാണ് കടുവയെ വെടിവെച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വയനാടന്‍ വനമേഖലയില്‍ ജനജീവിതത്തിന് ഭീതി സൃഷ്ടിച്ച കടുവയെ പിടികൂടാനാകാത്തത് വന്‍ ജനരോക്ഷത്തിന് ഇടയാക്കിയിരുന്നു. നൂല്‍പുഴ സ്വദേശി ഭാസ്‌കര്‍ന്‍, പാട്ടവയല്‍ സ്വദേശി മഹാലക്ഷ്മി എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടും കടുവയെ പിടികൂടാന്‍ ശ്രമിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. കടുവയെ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജനം പിരിഞ്ഞുപോയത്. ജനരോഷം അണപൊട്ടിയതോടെ കടുവയെ വെടിവെക്കാന്‍ കേരള, തമിഴ്‌നാട് സര്‍ക്കാറുകള്‍ അനുമതി നല്‍കുകയായിരുന്നു.

Latest