Connect with us

Articles

വെറുതെയല്ല, മീനച്ചില്‍- മൂവാറ്റുപുഴ സംയോജനം കൊണ്ടുവന്നത്

Published

|

Last Updated

2011ലെ ബജറ്റില്‍, അതായത്, കെ എം മാണി ഇത്തവണ ധനമന്ത്രിയായതിന് ശേഷമുള്ള കന്നി ബജറ്റില്‍ മീനച്ചില്‍ നദീതട പദ്ധതിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മീനച്ചിലാര്‍- മൂവാറ്റുപുഴയാര്‍ സംയോജനത്തിന് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നു. അടുത്ത ബജറ്റില്‍ വീണ്ടും അത്ര തന്നെ കോടിയും. എന്നാല്‍, പദ്ധതി എവിടം വരെയായെന്ന് ജനങ്ങള്‍ക്കറിയില്ല. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത നദീ സംയോജന പദ്ധതിയാണിത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുടിവെള്ള വിതരണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണെന്നത് മാത്രമല്ല ഇതിന്റെ പ്രശ്‌നം. ഇതൊരു പാഴ്‌ച്ചെലവാണെന്ന് വിദഗ്ധസമിതി വിലയിരുത്തിയതുമാണ്. എന്നിട്ടും “കോട്ടയം ബജറ്റെ”ന്ന് അറിയപ്പെട്ട 2011ലെ ബജറ്റില്‍ ഇത് കയറിക്കൂടി.
കെ എം മാണി ബജറ്റിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ സ്തുതിപാഠകര്‍ പറയാറ്. വനത്തില്‍ താനേ വീഴുന്ന മരങ്ങള്‍ എടുത്ത് വില്‍പ്പന നടത്തി സംസ്ഥാന ബജറ്റില്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് അദ്ദേഹമാണ്“”കണ്ടെത്തി”യത്. അതോടെ തുടരെത്തുടരെ വനമേഖലയില്‍ മരങ്ങള്‍“”താനേ വീഴാന്‍” തുടങ്ങി. പഞ്ചസാരയും ഡീസലും ചേര്‍ത്ത മിശ്രിതം മരങ്ങളുടെ ചുവട്ടില്‍ വെച്ച് കത്തിക്കാന്‍ തുടങ്ങിയതോടെ വനത്തില്‍ മരത്തിന്റെ ചുവട് കരിഞ്ഞ്””താനെ” വീഴുന്ന മരങ്ങളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ ഖജനാവില്‍ മാത്രം വരുമാനം വന്നില്ല.
ബജറ്റ് വെച്ച് ധനമന്ത്രി പണമുണ്ടാക്കുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചെങ്കിലും അത് തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. എന്നാല്‍, നടക്കാന്‍ സാധ്യതയില്ലാത്ത, പദ്ധതികള്‍ക്കായി നിരന്തരം പണം വകയിരുത്തപ്പെടുന്നു എന്നത് സംശയം ജനിപ്പിക്കുന്നതാണ്. നാഷനല്‍ ഗെയിംസ് പാലായില്‍ നടക്കുന്നില്ലെങ്കിലും മീനച്ചിലാറിന്റെ തീരത്തെ സ്റ്റേഡിയത്തിന്“”ഏതോ” വകയില്‍ കോടികളാണ് ലഭ്യമായിട്ടുള്ളത്. അങ്ങനെ മറ്റേതോ വകയില്‍ മീനച്ചിലാറിലേക്ക് മൂവാറ്റുപുഴയാറില്‍ നിന്ന് വെള്ളമെത്തുമെന്നുതന്നെയാണ് പാലാക്കാര്‍ വിശ്വസിക്കുന്നത്.
മൂവാറ്റുപുഴയാറില്‍ നിന്നും മീനച്ചിലാറില്‍ വെള്ളം എത്തണമെങ്കില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ കുറയാത്ത ടണല്‍ നിര്‍മാണം നടക്കണം. മൂവാറ്റുപുഴയേക്കാള്‍ ഉയരത്തില്‍ മീനച്ചിലാര്‍ ഒഴുകുന്നതിനാല്‍ 25 അടി മുതല്‍ 40 അടി വരെ മീനച്ചിലാറിന്റെ അടിത്തട്ടിലെ പാറ പൊട്ടിച്ച് മീനച്ചിലാറിനെ താഴ്ത്തണം. പാരിസ്ഥിതിക പ്രാധാന്യമുള്ള വനമേഖലയും കുന്നുകളും തകര്‍ത്തിട്ടുമാത്രമേ ഈ സംയോജനം സാധ്യമാകൂ. 1554 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശമുള്ള മൂവാറ്റുപുഴയിലൂടെ പ്രതിവര്‍ഷം ഒഴുകുന്നത് 1812 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. പെരിയാറിലെ ഇടുക്കി അണക്കെട്ടില്‍ നിന്നും വൈദ്യുതി ഉത്പാദനത്തിനായി മൂലമറ്റം പവര്‍ സ്റ്റേഷനില്‍ എത്തുന്ന ജലം വൈദ്യുത ഉത്പാദനത്തിന് ശേഷം തിരികെ പെരിയാറില്‍ പോകാതെ മൂവാറ്റുപുഴയാറിലൂടെ ഒഴിക്കിവിടുന്നതു മൂലമാണ് മൂവാറ്റപുഴയാറില്‍ ഇത്രയും അധികം ജലം ഒഴുകുന്നത്. ഈ ജലമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതികളിലൂടെയും മറ്റ് ജലവിതരണ പദ്ധതിയിലൂടെയും കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ഭാഗത്തും കുടിവെള്ളമായി വിതരണം ചെയ്യുന്നത്. ഇതിനായി പിറവത്ത് പാഴൂരില്‍ ജല പമ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ജനറാം പദ്ധതി, ചൂണ്ടി പദ്ധതി എന്നിവ മീനച്ചില്‍ സംയോജന പദ്ധതി നടപ്പാകുന്നതിലൂടെ ഏതാണ്ട് നിലയ്ക്കും. 1997ല്‍ ആരംഭിച്ച മൂവാറ്റപുഴ വാലി ജലസേചന പദ്ധതിക്ക് മാത്രമായി 65 കോടി രൂപ വകയിരുത്തുകയും ഇപ്പോള്‍ 65,000 കോടി രൂപ ചെലവഴിച്ചാല്‍ പോലും അത് തീരുകയില്ലാത്തവിധം ചെലവ് കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുകയാണ്. മീനച്ചില്‍ – മൂവാറ്റുപുഴ സംയോജനം നടപ്പാകണമെങ്കില്‍ മുവ്വാറ്റപ്പുഴയില്‍ നിന്നും ടണല്‍ നിര്‍മിച്ച് ജലം മീനച്ചിലാറിന്റെ കൈവഴിയായ കടപ്പുഴയാറ്റിലെത്തിക്കണം. ഇത് കൂടാതെ ചെറിയ ഡാമുകള്‍, പാറഖനനം എന്നിവയെല്ലാം മീനച്ചിലാറില്‍ നദീതടപദ്ധതിയില്‍ ഉണ്ടായിരുന്നു. ഇതെല്ലാം നടക്കണമെങ്കില്‍ 500 കോടി രൂപയെങ്കിലും വേണം.
നദീ സംയോജനം വന്നിട്ട് എന്താചെയ്യുക? മീനച്ചിലാറിന്റെ തീരത്ത് റബ്ബറിന്റെ കൂടെ കുറച്ച് പച്ചക്കറി നടാം എന്നതാണത്രെ പദ്ധതിയുടെ മേന്മ. മൂവാറ്റുപുഴയില്‍ നിന്നും കുടിവെള്ളം ലഭ്യമാക്കുന്ന ആളുകളുടെ കുടിവെള്ളം മുട്ടിച്ച് പാലായിലെ മീനച്ചിലാറില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരിക്കും ആത്യന്തികമായി നടക്കുക. പ്രാദേശിക പാര്‍ട്ടികള്‍ പ്രാദേശിക സങ്കുചിത വികാരത്തോടെ കാര്യങ്ങള്‍ കാണുമ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും!
മൂവാറ്റുപുഴയില്‍ നടപ്പിലാക്കിവരുന്ന ജലസേചന- കുടിവെള്ള പദ്ധതികള്‍ ഈ നദീ സംയോജനത്തിലൂടെ ഇല്ലാതാകും. കേരളത്തിനകത്ത് ഇതുപോലെ നദീസംയോജനം നടപ്പാക്കുമ്പോള്‍ തമിഴ്‌നാടിന് വേണ്ടിയുള്ള പമ്പാ- അച്ചന്‍കോവില്‍ – വൈപ്പാര്‍ നദീ സംയോജന പദ്ധതിയെ കേരളത്തിന് എങ്ങനെ എതിര്‍ക്കാനാകും? പശ്ചിമഘട്ട മഴക്കാടുകളുടെ തകര്‍ച്ച, സംയോജനം നടപ്പിലാക്കുമ്പോള്‍ പമ്പാ- അച്ചന്‍കോവിലാറിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന ജലത്തിന്റെ കുറവ്, കായല്‍ നാശം എന്നിവയാണ് കേരളം പദ്ധതിക്കെതിരെ മുന്നോട്ടുവെക്കുന്ന വാദമുഖങ്ങള്‍. മീനച്ചിലാറില്‍ നദീതട പദ്ധതിക്കെതിരെ ഇപ്പോള്‍ ഉയരുന്ന ഈ വാദമുഖങ്ങള്‍ തമിഴ്‌നാട് കേരളത്തിനെതിരെ പ്രയോഗിക്കുമെന്നതില്‍ തര്‍ക്കമില്ല. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കോടികളുടെ അഴിമതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ടണല്‍ നിര്‍മാണവും പാറപൊട്ടിക്കലും തുടങ്ങിയ അജന്‍ഡകള്‍ കാണുമ്പോള്‍ തന്നെ ഏതാണ്ട് വ്യക്തമാകുന്നതാണ്.
എറണാകുളം നഗരത്തിലേക്ക് പിറവം പാഴൂര്‍ പടിപ്പുരയില്‍ നിന്ന് ആരംഭിക്കുന്ന കുടിവെള്ള വിതരണം താറുമാറാകുമ്പോള്‍ മരട്, കുമ്പളം ചെല്ലാനം, കുംബളങ്ങി, കോന്തുരുത്തി, തേവര തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടപ്പാക്കിവരുന്ന കുടിവെള്ള വിതരണം മുടങ്ങും. പദ്ധതിമൂലം പിറവം നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് ഹെക്ടര്‍ പ്രദേശത്തെ കൃഷി മുടങ്ങിയാല്‍ പിറവം മരുവത്കരണത്തിന്റെ പിടിയിലാകും.
മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന മീനച്ചില്‍ നദീതട പദ്ധതിയുടെ സാധ്യതാപഠനം നടത്താനായി തുടര്‍ന്നുവന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍, സെസ് ഡയറക്ടര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റീജ്യനല്‍ ഡയറക്ടര്‍, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍, നബാര്‍ഡ് ഡെപ്യൂട്ടി മാനേജര്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതി പദ്ധതിയെക്കുറിച്ചു സമഗ്രമായി പഠിച്ച് അത് പ്രായോഗികമല്ലെന്ന് വിലയിരുത്തിയതാണ്. തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി തള്ളി. പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ചു പഠിക്കാന്‍ 2011ല്‍ കെ എം മാണി വീണ്ടും ഒരു സമിതിയെ നിയോഗിച്ചു. നാളിതുവരെ സമിതിയുടെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. എന്നിട്ടും അടുത്ത ബജറ്റില്‍ പദ്ധതിക്കായി വീണ്ടും തുക വകയിരുത്തുന്നത് സംശയാസ്പദമായ നടപടിയാണ്. ബാര്‍കോഴ വിവാദം കത്തിപ്പടരുമ്പോള്‍ ഇത്തരം “ബജറ്റ് മാജിക്കുകള്‍” കൂടി വിലയിരുത്തപ്പെടണം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കൂടി അന്വേഷണ വിധേയമാക്കണം.
നടക്കാത്ത പദ്ധതിക്കായി നിരന്തരം പണം വകയിരുത്തുന്ന നടപടികളും ബജറ്റിന്റെ മറവിലുള്ള പ്രീണനങ്ങളും അന്വേഷിക്കണം. പൊതുഖജനാവിലെ പണം അപ്രായോഗികമായ മീനച്ചിലാര്‍- മൂവാറ്റുപുഴ നദീതട സംയോജനത്തിന് വകയിരുത്തുന്നത് ജനദ്രോഹ നടപടിയാണ്.

---- facebook comment plugin here -----