Connect with us

Kannur

കണ്ണൂരില്‍ പുതുചരിതംകുറിച്ച് ഹൈവേ മാര്‍ച്ച്

Published

|

Last Updated

തളിപ്പറമ്പ്: അനീതി ചുരത്തുന്ന കാലക്രമങ്ങളോട് മനുഷ്യപക്ഷ പോരാട്ടങ്ങളുടെ സമവാക്യമോതി ഗ്രാമ നഗര വീഥികള്‍ കടന്നെത്തിയ ഹൈവേ മാര്‍ച്ച് ഇന്ന് കാസര്‍കോട്ടെ ജനമഹാ സാഗരത്തില്‍ അലിഞ്ഞു ചേരും. ആധുനിക യുവതക്ക് നേരറിവ് നല്‍കി അനന്തപുരിയില്‍ നിന്നാരംഭിച്ച പ്രയാണം മഹാ പ്രവാഹമായി അത്യുത്തര കേരളത്തില്‍ സമാപിക്കുമ്പോള്‍ പ്രാസ്ഥാനിക മുന്നേറ്റത്തിനപ്പുറം സത്യസംഘത്തിനൊപ്പം മുസ്‌ലിം കേരളം ഒന്നിച്ചു ചേരുകയാണ്.
വീഥികളിലൂടെ നാടൊന്നാകെ ഒഴുകി നീങ്ങിയാണ് മാര്‍ച്ച് ഇന്ന് കാസര്‍കോട്ട് സമാപിക്കുന്നത്. ആധുനിക യുവതക്ക് നേരറിവ് നല്‍കി സത്യാദര്‍ശത്തിന്റെ ത്രിവര്‍ണ പതാകയുമായി തെക്കന്‍കേരളവും മധ്യകേരളവും പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളും പിന്നിട്ടെത്തിയ ഹൈവേ മാര്‍ച്ചിനെ വിപ്ലവസ്മരണകളുറങ്ങുന്ന കണ്ണൂര്‍ മനസ്സിലേറ്റി.
യാത്ര നീങ്ങിയ വഴിയോരങ്ങളിലെ പ്രതീക്ഷകളുടെ കാത്തിരിപ്പും സ്വീകരണ കേന്ദ്രങ്ങളിലെ പതിനായിരങ്ങളുടെ പങ്കാളിത്തവും രാഷ്ട്രീയ സാംസ്‌കാരിക മതനേതൃത്വത്തിന്റെ പിന്തുണയും യാത്ര കേരളം ഏറ്റെടുത്തതിന്റെ തെളിവായി. കണ്ണൂരിന്റെ സ്‌നേഹവായ്പുകളേറ്റു വാങ്ങിയ യാത്ര ഇന്ന് രാവിലെ കാസര്‍കോട്ട് ജില്ലയില്‍ പ്രവേശിക്കും.
പ്രസ്ഥാനത്തിന്റെ ആസ്ഥാന ജില്ലയില്‍ നിന്ന് ആവേശത്തോടെയെത്തിയെ സംഘത്തെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂരില്‍ വെച്ച് ജില്ലയിലേക്ക് സ്വീകരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ യാത്രാ നായകനെ ഷാളണിയിച്ച് സ്വീകരിച്ചു. നിരവധി വാഹനങ്ങളുടേയും സ്വഫ്‌വ അംഗങ്ങളുടേയും അകമ്പടിയോടെ തലശ്ശേരിയിലേക്ക് സ്വീകരിച്ചാനയിച്ചു.
എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് സി കെ റാശിദ് ബുഖാരി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. രണ്ടാമത് സ്വീകരണ കേന്ദ്രമായ ഇരിട്ടിയില്‍ യാത്രയെത്തുമ്പോള്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടമാണ് കാത്തുനിന്നത്. സ്വഫ്‌വ അംഗങ്ങളുടെയും നിരവധി പ്രവര്‍ത്തകരുടേയും അകമ്പടിയോടെയാണ് യാത്രയെത്തിയത്. സ്വീകരണ സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. സമാപന സ്വീകരണ കേന്ദ്രമായ തളിപ്പറമ്പിലേക്കുള്ള യാത്ര ആവേശകരമായിരുന്നു. കുറ്റിക്കോലില്‍ നിന്ന് യാത്രനായകനെയും സംഘത്തെയും നഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു.
വാനിലുയര്‍ത്തിയ അറുപത് പതാകകള്‍ക്കരികെ നിന്ന് ആയിരങ്ങളാണ് ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത് . പീന്നീട് നഗരി വരെ ചെറുസംഘങ്ങള്‍ മുദ്രാവാക്യം വിളിച്ചു കാത്തുനിന്നു. ജാഥയെത്തുമ്പോള്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം റോഡിലേക്ക് പരന്നൊഴുകിയിരുന്നു. ചിത്താരി ഹംസ മുസ്‌ലിയാര്‍ യാത്രാ നായകനെ ഷാളണിയിച്ച് ആദരിച്ചു. വിപ്ലവഗാനം ആലപിച്ചാണ് ഹൈവേ മാര്‍ച്ചിനെ വേദിയിലേക്ക് സ്വീകരിച്ചത്.
സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പണ്ഡിത തറവാട്ടിലെ കാരണവര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ എത്തിയത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിച്ചു. കെ പി ഹംസ മുസ്‌ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ ഹൈവേ മാര്‍ച്ചിന്റെ സ്വീകരണ യോഗങ്ങള്‍ സാന്ത്വന സേവനത്തിന്റെ ഉദ്‌ഘോഷം കൂടിയായി മാറി. ഐ സി എഫ് അബൂദബി കമ്മിറ്റിയുടെ സഹകരണത്തോടെ എസ് വൈ എസ് ജില്ലാ കമ്മിറ്റി നല്‍കുന്ന ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനവും വേദിയില്‍ നടന്നു. തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലായി ടി കെ മുഹമ്മദ്, അബ്ദുലത്വീഫ് ചക്കരക്കല്ല്, മുഹമ്മദ് റഫീഖ് ഇരിക്കൂര്‍ എന്നിവര്‍ക്കാണ് ഓട്ടോറിക്ഷകള്‍ നല്‍കിയത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റന്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വൈസ് ക്യാപ്റ്റന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കോര്‍ഡിനേറ്റര്‍ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സി കെ റാഷിദ് ബുഖാരി സംസാരിച്ചു. ഇന്ന് രാവിലെ പയ്യന്നൂരില്‍ യാത്രക്ക് സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് പതിനായിരങ്ങളുടെ സംഗമത്തോടെ കാസര്‍കോട്ട് സമാപിക്കും.