Connect with us

Gulf

ഐ എസിനെതിരായുള്ള നീക്കത്തില്‍ യു എ ഇ യുദ്ധ വിമാനങ്ങള്‍ സജീവം

Published

|

Last Updated

അബുദാബി: ഭീകര സംഘടനയായ ഐ എസിനെതിരായി ജോര്‍ദാനില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ യു എ ഇയുടെ സൈനിക വിമാനങ്ങളും സജീവം. ഇതുമായി ബന്ധപ്പെട്ട് യു എ ഇയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ ജോര്‍ദാനില്‍ പറന്നിറങ്ങിയ ചിത്രം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജോര്‍ദാനിലെ സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എട്ടാം തിയ്യതിയാണ് വിമാനങ്ങള്‍ ജോര്‍ദാന്റെ സൈനിക കേന്ദ്രത്തില്‍ എത്തിയതെന്ന് യു എ ഇ സായുധസേനയുടെ ജനറല്‍ കമാന്റും വ്യക്തമാക്കി. ശത്രു ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയ വിമാനങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തിയതായി യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം വെളിപ്പെടുത്തി. ലോക സമാധാനത്തിന് ഭീഷണിയുയര്‍ത്തുന്ന ഐ എസിനെ ഉന്മൂലനം ചെയ്യാനുള്ള യത്‌നത്തില്‍ പങ്കാളിയാവുന്നതിന്റെ ഭാഗമായി യു എ ഇ എഫ് 16 യുദ്ധ വിമാനങ്ങള്‍ ജോര്‍ദാനിലേക്കയച്ചത് കഴിഞ്ഞ ദിവസം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് യുദ്ധ വിമാനങ്ങള്‍ക്ക് ജോര്‍ദാനിലേക്ക് പറക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭീകരതക്കെതിരെ ജോര്‍ദാന്റെ പോരാട്ടത്തിന് പിന്തുണ നല്‍കാനാണ് രാജ്യം ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോര്‍ദാന്‍ വൈമാനികനായ മുആദ് അല്‍ കസാസ്‌ബെഹിനെ ഐ എസ് ഭീകരര്‍ ജീവനോടെ കത്തിച്ച് കൊല ചെയ്തതോടെയാണ് ഐ എസിനെതിരായ നിലപാട് ജോര്‍ദാന്‍ കര്‍ശനമാക്കിയത്. ജോര്‍ദാന്‍ അറബ് ആര്‍മിയെ യുദ്ധത്തില്‍ പിന്തുണക്കുന്ന ദൗത്യമാണ് യു എ ഇ അധികൃതര്‍ എഫ് 16 യുദ്ധ വിമാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജോര്‍ദാന്‍ പൈലറ്റിന്റെ കൊല ആഗോളതലത്തില്‍ ഐ എസിനെതിരായി ശക്തമായ വികാരമാണ് സൃഷ്ടിച്ചിരിക്കുന്നത്. തുടക്കത്തില്‍ വ്യോമസേനാംഗങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി യു എ ഇയുടെ യുദ്ധ വിമാനങ്ങള്‍ ഐ എസിനെതിരായ ദൗത്യത്തില്‍ പങ്കാളിയാവുമെന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ഇതിനെല്ലാമുള്ള ശക്തമായ നടപടിയാണ് ശൈഖ് ഖലീഫയുടെ ഉറച്ച തീരുമാനം.