Connect with us

Kozhikode

തൂണേരി നഷ്ടപരിഹാരം: കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും

Published

|

Last Updated

കോഴിക്കോട്: യുവാവിന്റെ കൊലയെ തുടര്‍ന്ന് തൂണേരിയിലുണ്ടായ അക്രമസംഭവങ്ങളില്‍ നാശനഷ്ടങ്ങള്‍ സംവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ പ്രഥമ യോഗം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. പഞ്ചായത്ത്, സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ആണ് സമിതിയുടെ ചെയര്‍മാന്‍.
വീടുകള്‍, വാഹനങ്ങള്‍, സ്വത്തുവഹകള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാ ചെലവ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കും. പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാരം, സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ സൗജന്യമായി ലഭ്യാമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അക്രമസംഭവങ്ങളെ തുടര്‍ന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുണ്ടായ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രത്യേക കൗണ്‍സലിംഗ് നല്‍കും.
വീടുകളുടെ പുനര്‍നിര്‍മാണമുള്‍പ്പടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ സമുദായ സംഘടനകള്‍ കക്ഷിതിരിഞ്ഞ് അത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നത് കര്‍ശനമായി തടയാനും യോഗത്തില്‍ തീരുമാനമായി. പ്രത്യേക സമിതി അംഗങ്ങളായ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, എം എല്‍ എമാരായ ഇ കെ വിജയന്‍, കെ കെ ലതിക, കലക്ടര്‍ സി എ ലത, വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

Latest