Connect with us

Editorial

ഡല്‍ഹിയുടെ മുന്നറിയിപ്പ്

Published

|

Last Updated

കേന്ദ്രഭരണ കക്ഷിയായ ബി ജെ പിയെ തൂത്തുവാരി ഡല്‍ഹിയില്‍ ചരിത്രവിജയം നേടിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. 70-ല്‍ 67-ഉം നേടി 96 ശതമാനം സീറ്റുകളിലും കെജ്‌രിവാളിന്റെ പാര്‍ട്ടി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചിരുന്ന സീറ്റുകളില്‍ ഭൂരിപക്ഷവും ആപ്പ് പിടിച്ചടക്കി. മാത്രമല്ല, ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദി പോലും പരാജയമറിഞ്ഞു. ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ അധികാരത്തിലേറി 49 ദിവസത്തിന് ശേഷം കെജ്‌രിവാള്‍ രാജിവെച്ചത് അബദ്ധമായിപ്പോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതുകയും, നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രഭരണം പിടിച്ചടക്കുകയും ചെയ്തതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞെങ്കിലും ഡല്‍ഹി ജനത കെജ്‌രിവാളിനെയും പാര്‍ട്ടിയെയും കൈവിട്ടിരുന്നില്ലെന്ന് ഫലം ബോധ്യപ്പെടുത്തുന്നു.
16 വര്‍ഷമായി അധികാരത്തിന് പുറത്തു നില്‍ക്കുന്ന ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. മോദി കേന്ദ്രം വാഴുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ നാണം കെട്ട തോല്‍വിയാണ് പാര്‍ട്ടിക്കുണ്ടായത്. 2013ല്‍ 31 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെപി, ശിരോമണി അകാലിദളുമായി ചേര്‍ന്നു മത്സരിച്ചിട്ടും ഇത്തവണ മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ കെജ്‌രിവാളിന്റെ ജനകീയതക്കു മുന്നില്‍ നിഷ്പ്രഭമായി. കേന്ദ്രഭരണത്തിന്റെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തുകയും പ്രചാരണ രംഗത്ത് പണം വാരിയെറിയുകയും ചെയ്തിട്ടും പ്രതിപക്ഷ പാര്‍ട്ടിയായി അംഗീകാരം നേടാനുള്ള ഏഴ് സീറ്റ് പോലും സ്വന്തമാക്കാനായില്ല.
മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും, ബി ജെ പി കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരമേറിയതിന്റെ ഹുങ്കില്‍ സംഘ്പരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ അജന്‍ഡകളുമാണ് പാര്‍ട്ടിക്ക് വിനയായത്. പാവപ്പെട്ടവരുടെ ഭൂമി വന്‍ മാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള കുത്സിതനീക്കം, ആണവ കരാറില്‍ വിദേശ കമ്പനികള്‍ക്ക് വേണ്ടിയുള്ള നിലപാടുകള്‍, ഇന്ധനവില അന്താരാഷ്ട്ര വിപണിവിലക്ക് ആനുപാതികമായി കുറയ്ക്കാതെ തീരുവ അടിക്കടി ഉയര്‍ത്തി വിലക്കയറ്റത്തിന് ആക്കം കൂടുന്ന നടപടി, അമേരിക്കയുമായുള്ള അതിരുവിട്ട ചങ്ങാത്തം, ചില കേന്ദ്രമന്ത്രിമാരും എം പിമാരുമടക്കം ബി ജെ പി നേതാക്കള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വിഷംചീറ്റുന്ന പ്രസ്താവനകള്‍, ഘര്‍ വാപസിയോട് തുടരുന്ന മൗനം തുടങ്ങി രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്നതും മതന്യൂനപക്ഷങ്ങളെ ആശങ്കാകുലരാക്കുന്നതുമായ നടപടികളും നീക്കങ്ങളുമാണ് സര്‍ക്കാറും ബി ജെ പി നേതൃത്വവും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്താണ് ഡല്‍ഹി വോട്ടര്‍മാര്‍ നടത്തിയത്.
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതും ബി ജെ പിക്ക് തിരിച്ചടിയായി. ഡല്‍ഹി പിടിച്ചടക്കാന്‍ ഇത്തവണ മോദി തരംഗം സഹായകമാകില്ലെന്ന തിരച്ചറിവില്‍, കെജ്‌രിവാളിനെ നേരിടാന്‍ പ്രാപ്ത എന്ന നിലയിലാണ് ബേദിയെ രംഗത്തിറക്കിയത്. അത് അബദ്ധമായി. ബേദിയുടെ ഏകാധിപത്യപരമായ പ്രവര്‍ത്തന ശൈലി ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, പാര്‍ട്ടി നേതൃത്വത്തിലും അതൃപ്തിയുളവാക്കിയിരുന്നു. അവരുടെ ശൈലിയോട് തുടക്കം മുതലേ പല ബി ജെ പിനേതാക്കളും നീരസം പ്രകടിപ്പിക്കുകയുണ്ടായി. ഒടുവില്‍ അത് പൊട്ടിത്തെറിയിലെത്തുകയും ബേദിയുടെ പ്രചാരണ ചുമതലയുടെ ചുക്കാന്‍ പിടിച്ചിരുന്ന യുവനേതാവ് നരേന്ദ്ര ടണ്ഡല്‍ രാജിവെക്കുകയും ചെയ്തു. ബേദിയുടെ ആജ്ഞകള്‍ അസഹനീയമാണെന്നും അവരുടെ ഏകാധിപത്യപരമായ രീതികളോട് യോജിച്ചുപോകാനാകില്ലെന്നും ദേശീയ നേതൃത്വത്തെ അറിയിച്ചുകൊണ്ടാണ് ടണ്ഡല്‍ സ്ഥാനമൊഴിഞ്ഞത്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ട പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് രാജി പിന്‍വലിപ്പിച്ചെങ്കിലും അത് ഫലം ചെയ്തില്ല. തോല്‍വിയുടെ ഉത്തരവാദിത്വം മോദിയില്‍ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യവും അവരെ കൊണ്ടുവന്നതിലുണ്ടായിരുന്നെങ്കില്‍ അതു സാധ്യമായില്ലെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്റെ കാര്യമാണ് മഹാകഷ്ടം. 1988 മുതല്‍ തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ഭരിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടുകയും ചെയ്ത പാര്‍ട്ടിനേതൃത്വം ഇത്തവണ നില മെച്ചപ്പെടുത്താനായി എല്ലാ തന്ത്രങ്ങളും മെനഞ്ഞിട്ടും വട്ടപ്പൂജ്യത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു. ഇത് നേതൃത്വത്തിനെതിരെയുള്ള അണികളുടെ വികാരം ശക്തമാക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ മാറ്റി നേതൃത്വത്തിലേക്ക് പ്രിയങ്കയെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇന്നലെ ഡല്‍ഹിയില്‍ ഈ ആവശ്യം ഉന്നയിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയുമുണ്ടായി. എന്നാല്‍, പ്രിയങ്കയെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതു കൊണ്ട് മാത്രം പരിഹാരമാകില്ല. സാധാരണക്കാരും മതന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും പാര്‍ട്ടിയെ കൈയൊഴിഞ്ഞ് ആം ആദ്മിയെ പിന്തുണച്ചതാണ് കോണ്‍ഗ്രസിന്റെ അതിദയനീയ തോല്‍വിക്ക് കാരണം. പിന്നാക്ക വിഭാഗക്കാരെ വീണ്ടും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തന ശൈലിയിലും നയങ്ങളിലും അടിമുടി മാറ്റം വരുത്തുന്നതിലൂടെ മാത്രമേ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ.

Latest