Connect with us

National

LIVE: ചരിത്രം തിരുത്തിയ വിജയവുമായി എഎപി അധികാരത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത വിജയവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ടാമൂഴം. ആദ്യ ഊഴത്തില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതായിരുന്നു പ്രശനമെങ്കില്‍ ഇത്തവണ ജനങ്ങള്‍ അത് പരിഹരിച്ചു. രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിപ്പിച്ച ഭൂരിപക്ഷവുമായി അരവിന്ദ് കേജരിവാള്‍ അധികാരത്തിലേക്ക്. മുഴുവന്‍ സീറ്റുകളിലേയും വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റും ബിജെപി ശേഷിച്ച 3 സീറ്റും സ്വന്തമാക്കി.  15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. സ്‌കോര്‍-0.

അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇത്രയും വലിയ വിജയം പേടിപ്പെടുത്തുന്നുവെന്നും ജനങ്ങളുടെ മുഖ്യമന്ത്രിയായിരിക്കും താനെന്നുമായിരുന്നു കെജരിവാളിന്റെ പ്രതികരണം. ജനങ്ങളുടെ വിജയമാണ് ഇതെന്നും ഇതില്‍ അഹങ്കരിക്കരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ നേടിയ വ്യക്തമായ ഭൂരിപക്ഷം അവസാന മണിക്കൂറുകളിലും എ എ പി തുടരുകയാണ്. ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ എ എ പി പത്ത് സീറ്റിലും ബി ജെ പി എട്ട് സീറ്റിലുമാണ് ലിഡ് ചെയ്തിരുന്നത്. ഇത് ഒരു തൂക്കുസഭയിലേക്കാണോ ഡല്‍ഹി പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ സംശയം ജനിപ്പിച്ചുവെങ്കിലും അടുത്ത മണിക്കൂറില്‍ അത് തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. പിന്നീട് ഓരോ നിമിഷവും എ എ പിയുടെ ലീഡ് കുതിച്ചുയരുന്നതും ബി ജെ പി പുറംതള്ളപ്പെടുന്നതുമാണ് കണ്ടത്. കോണ്‍ഗ്രസ് തുടക്കത്തില്‍ കുറച്ച് സീറ്റുകളില്‍ ലീഡ് തോന്നിപ്പിച്ച് പെട്ടെന്ന് തന്നെ കളമൊഴിഞ്ഞു. മറ്റു പാര്‍ട്ടികള്‍ക്കും ഒരു നേട്ടവും ഉണ്ടാക്കാനായില്ല.

B9d8dbICYAApOUd

ബി ജെ പിയുടെ തുടരെത്തുടരെയുള്ള വിയജങ്ങള്‍ക്ക് സഡന്‍ ബ്രേക്കിട്ടാണ് ഡല്‍ഹി ജനത എ എ പിക്ക് സമ്മോഹനമായ വിജയം സമ്മാനിച്ചത്. മോഡി തരംഗമെന്ന ഉതിവീര്‍പ്പിച്ച ബലൂണാണ് എ എ പി ചൂലുകൊണ്ട് അടിച്ചുപൊട്ടിച്ചത്. കിരണ്‍ ബേദിയെ എ എ പിയില്‍ നിന്ന് ചാടിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിക്കുപ്പായം തുന്നിക്കൊടുത്തതാണ് ബി ജെ പിയുടെ കനത്ത തകര്‍ച്ചക്ക് ആക്കം കൂട്ടിയതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

26,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ വിജയിച്ചത്. പരാജയപ്പെടുത്തിയത് ബി ജെ പിയിലെ നൂപൂര്‍ ശര്‍മയെ. ബി ജെ പിയുടെ പരമ്പരാഗത മണ്ഡലത്തില്‍ ജയിക്കാനുറച്ച് പോരിനിറങ്ങിയ കിരണ്‍ ബേദി മുട്ടുകുത്തിവീണു. 1150 വോട്ടുകള്‍ക്കായിരുന്നു കൃഷ്ണ നഗരിയില്‍ ബേദിയുടെ പരാജയം. തോല്‍വി സമ്മതിക്കുന്നുവെന്നും, പക്ഷേ ഇത് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലല്ല എന്നുമായിരുന്നു കിരണ്‍ബേദിയുടെ ആദ്യ പ്രതികരണം.

വന്‍ വിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കെജരിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. കെജരിവാളിനെ ചായക്ക് ക്ഷണിച്ച അദ്ദേഹം ഡല്‍ഹിയുടെ വികസനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഡല്‍ഹിക്ക് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ അങ്ങയെ കാണാന്‍ വരുന്നുണ്ട് എന്നായിരുന്നു കെജരിവാളിന്റെ മറുപടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കിരണ്‍ ബേദിയും കെജരിവാളിനെ അഭിനന്ദനമാറിയച്ചു. കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി പി സി സി പ്രസിഡന്റ് അര്‍വീന്ദര്‍ സിംഗ് രാജിവെച്ചിട്ടുണ്ട്.

തത്സമയ വിവരങ്ങള്‍:

---- facebook comment plugin here -----