മതിയായ തൊഴില്‍ സുരക്ഷിതത്വമില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍

Posted on: February 9, 2015 9:41 am | Last updated: February 9, 2015 at 9:41 am

കോഴിക്കോട്: അന്യനാട്ടില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തുന്നവര്‍ക്ക് മതിയായ തൊഴില്‍ സുരക്ഷ ലഭ്യമാകുന്നില്ല. അതുകൊണ്ട് തന്നെ ജോലിക്കിടെ അപകടങ്ങള്‍ സംഭവിക്കുന്നത് വ്യാപകമാകുകയാണ്. ഇവര്‍ക്ക് ഗുരുതരമായ അപകടം പറ്റിയാലും ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യമാണ് തൊഴിലുടമകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജോലിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിക്കൊടുക്കാന്‍ തൊഴിലുടമകള്‍ തയ്യാറാകാറില്ല. അന്യസംസ്ഥാന തൊഴിലാളികളല്ലേ ചോദിക്കാനും പറയാനും ആരും വരില്ലെന്ന വിശ്വാസമാണ് പലപ്പോഴും അവരോട് കാരുണ്യ പൂര്‍ണമായ സമീപനം കാണിക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സമീപനം തന്നെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് രണ്ട് ബംഗാള്‍ തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ചതും. ബംഗാള്‍ കൊല്‍ക്കത്ത സ്വദേശികളായ ജുവല്‍ മണ്ഡല്‍ (25), നിതായ് ഹല്‍ദാര്‍ (26) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പന്തീരാങ്കാവ് പുതിയറ ഹില്‍ടോപ്പ് പബ്ലിക് സ്‌കൂളിന്റെ നിര്‍മാണ പ്രവൃത്തിക്കിടെയായിരുന്നു ദാരുണ സംഭവം. തികച്ചും അശാസ്ത്രീയമായ രീതിയില്‍ നടന്ന നിര്‍മാണ പ്രവൃത്തികള്‍ നിയന്ത്രിക്കാത്ത അധികൃതരുടെ നടപടിയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണ അനുമതിയാണ് വസ്തു ഉടമസ്ഥര്‍ക്ക് ലഭിച്ചിരുന്നത്. ഇതുപയോഗിച്ച് അശാസ്ത്രീയമായും അനധികൃതമായും മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവിടെ നടന്നുവന്നിരുന്നത്. പ്രദേശത്തെ വലിയൊരു കുന്നാണ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇടിച്ചുനിരത്തിയിരുന്നത്. അധികം ഉറപ്പില്ലാത്ത മണ്ണാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ മണ്ണെടുക്കുമ്പോള്‍ അപകടസാധ്യതയും ഏറെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം നാട്ടുകാര്‍ പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
ആന്ധ്ര, രാജസ്ഥാന്‍,. ബീഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന തൊഴിലാളികളാണ് ചൂഷണങ്ങള്‍ക്ക് ഇരയാകുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളൊന്നും തൊഴിലുടമകള്‍ പലപ്പോഴും പാലിക്കുന്നില്ല. തൊഴിലാളികളുടെ എണ്ണം, വിലാസം, ഇവര്‍ എടുക്കുന്ന തൊഴില്‍, താമസ സൗകര്യം, വേതനം തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട ലേബര്‍ ഓഫീസുകളിലും സമീപത്തെ പോലീസ് സ്റ്റേഷനിലും നല്‍കണമെന്നാണ് നിയമം. എന്നാല്‍ പല തൊഴിലുടമകളും ഇത് പാലക്കാറില്ല. അതുകൊണ്ട് തന്നെ ലേബര്‍ ഓഫീസര്‍ക്കോ പോലീസിലോ പരാതി നല്‍കാനും തൊഴിലാളികള്‍ക്ക് സാധിക്കാറില്ല. തൊഴിലാളികള്‍ക്കായി പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തൊഴിലുടമകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ചെറിയ ക്വാര്‍ട്ടേഴ്‌സുകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥിതിയാണ് പലയിടത്തുമുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും പലരും ചെയ്തുകൊടുക്കാറില്ല. അതുകൊണ്ട് തന്നെ നാട്ടുകാരും ഇത്തരം തൊഴിലാളികളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതും സാധാരണമാണ്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകം ചെയ്യുകയും കഴിക്കുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്.