Connect with us

Ongoing News

പുരുഷ ഫുട്‌ബോള്‍: പഞ്ചാബ് മിസോറാം ഫൈനല്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ പഞ്ചാബും നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ മിസോറാമും തമ്മില്‍ കലാശപ്പോര്. അവസാന നിമിഷംവരെ ത്രസിപ്പിച്ച സെമി പോരാട്ടത്തില്‍ മിസോറാം മഹാരാഷ്ട്രയെ 2- 1നും പഞ്ചാബ് കരുത്തരായ ഗോവയെ 2- 0ത്തിനും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. മിസോറാമിനായി ബ്രന്‍ഡന്‍ വില്‍ റെമദിഗെ, ലാല്‍ ദമ്പുയ എന്നിവരാണ് ഗോള്‍ നേടിയത്. മലയാളി താരം മുഹമ്മദ് ഇര്‍ശാദിന്റെ വകയായിരുന്നു മഹാരാഷ്ട്രയുടെ ഏക ഗോള്‍. ടൂര്‍ണമെന്റില്‍ ഇര്‍ശാദിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. ഗോവക്കെതിരായ പഞ്ചാബിനായി ക്യാപ്റ്റന്‍ രവീന്ദ്ര സിംഗ്, അജയ് സിംഗ് എന്നിവരാണ് വല ചലിപ്പിച്ചത്. നാളെ വൈകിട്ട് 6.30ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇതിന് മുമ്പ് നാല് മണിക്ക് ലൂസേഴ്‌സ് ഫൈനലില്‍ മഹാരാഷ്ട്രയും ഗോവയും ഏറ്റുമുട്ടും.
മെയ്ക്കരുത്തുമായി കളം നിറഞ്ഞ മഹാരാഷ്ട്രയെ പ്രൊഫഷണലിസത്തിന്റെ മികവിലാണ് മിസോറാം മറികടന്നത്. കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമും പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചത്. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇരു ഗോളിക്കും ഒരു പരീക്ഷണം പോലും ആദ്യ പകുതിയില്‍ നേരിടേണ്ടി വന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ആക്രമിച്ചു കളിച്ച മിസോറാം രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. മിസോറാമിന്റെ ബ്രന്‍ഡന്‍ വില്‍ റെമദിഗെയുടെ മുന്നേറ്റം തടയാനായി ഓടിക്കയറിയ മഹാരാഷ്ട്ര ഗോളി ചേതന്‍ ദാവ്ദരിയക്ക് പിഴച്ചു. തൊട്ടുമുന്നില്‍ നിന്ന ഡിഫന്‍ഡറുമായുള്ള ചേതന്‍ ദാവ്ദരിയയുടെ ആശയക്കുഴപ്പത്തിനിടെ ഓടിയെത്തിയ റെമദിഗെ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാല്‍ എട്ട് മിനുട്ടിനകം മഹാരാഷ്ട്ര ഗോള്‍ മടക്കി. സ്വന്തം ഹാഫിലെ ഇടത് വിംഗില്‍ നിന്ന് നിതേഷ് മുന്‍ഡെ നല്‍കിയ ലോംഗ് ക്രോസ് സ്വീകരിച്ച ഇര്‍ഷാദ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലീഡിനായി ഇരു ടീമും ഇരച്ചു കയറിക്കളിച്ചതോടെ പിന്നീട് ഇരു ബോക്‌സിലേക്കും പന്ത് കയറിക്കൊണ്ടേയിരുന്നു. ഇതിനിടെ 69-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഇര്‍ശാദിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 81-ാം മിനുട്ടില്‍ ആദ്യ ഗോളടിച്ച റെമദിഗെയെ പിന്‍വലിച്ച് ലാല്‍ ദമ്പുയയെ മിസോറാം കളത്തിലിറക്കി. മിസോ കോച്ചിന്റെ ഈ തീരുമാനം ശരിവെക്കുന്ന തരത്തില്‍ കളിയുടെ അവസാന മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ദമ്പുയ മിസോറാമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
ഇന്നലെ നടന്ന പഞ്ചാബ് – ഗോവ സെമിയിലെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പഞ്ചാബിന്റെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ പിറന്നു. 65-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ രവീന്ദര്‍ സിംഗിന്റെ ഫ്രീകിക്കിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. പിന്നീട് ഗോള്‍ മടക്കാന്‍ ഉറച്ച മൂന്ന് അവസരങ്ങള്‍ ഗോവക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 59-ാം മിനുട്ടില്‍ ഗോവന്‍ താരം മര്‍കൂസ് മസ്‌കരാനസിന്റെ ഷോട്ട് ഗോളി തട്ടിയകറ്റി. 72-ാം മിനുറ്റില്‍ പഞ്ചാബിന്റെ രജീബിര്‍ സിംഗിന്റെ ഹെഡര്‍ ക്രോസ് ബാറില്‍ തെട്ടിത്തെറിച്ചു. ഇതിനിടെ പരുക്കന്‍ അടവ് പുറത്തെടുത്തതിന് രണ്ട് ഗോവന്‍ താരങ്ങളെ റഫറി മഞ്ഞകാര്‍ഡ് കാണിച്ചു. സമനിലക്കായി ഗോവന്‍ മുന്നേറ്റനിര ഒന്നടങ്കം പഞ്ചാബ് ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറിയപ്പോള്‍ പഞ്ചാബ് അവസരം മുതലാക്കി രണ്ടാമത്തെ ഗോള്‍ നേടി. 80-ാം മിനുട്ടില്‍ ഹര്‍ജീന്ദര്‍ സിംഗും അജയ് സിംഗും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളിലെത്തിയത്. ഹര്‍ജീന്ദറിന്റെ ക്രോസില്‍ ഉയര്‍ന്നുചാടി അജയ് സിംഗ് ഹെഡറിലുടെ പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു.

Latest