Connect with us

Ongoing News

ടേബിള്‍ ടെന്നീസില്‍ ചരിത്ര മെഡല്‍

Published

|

Last Updated

കൊച്ചി: ദേശീയ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി കേരളം ടേബിള്‍ ടെന്നീസ് മെഡല്‍പ്പട്ടികയില്‍ ഇടംപിടിച്ചു. വനിതാ ഡബിള്‍സിലാണ് കേരളത്തിന്റെ ജൂനിയര്‍ താരങ്ങളായ മരിയ റോണി -സെറ ജേക്കബ് സഖ്യം വെങ്കലം ചരിത്രകുറിച്ചത്. ദേശീയ സീനിയര്‍ താരങ്ങളോട് ഏറ്റുമുട്ടി നേടിയ ഈ വെങ്കലത്തിന് പൊന്‍തിളക്കമുണ്ട്. ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാദമിയുടെ താരങ്ങളാണ് പ്ലസ്ടു വിദ്യാര്‍ഥികളായ ഇരുവരും. കേരളത്തിന്റെ അഞ്ചംഗ വനിതാ ടീമിന്റെ ക്യാപ്റ്റനായ മരിയ, ഗെയിംസ് ടീമിന്റെ ക്യാപ്റ്റനാകുന്ന ഏക ജൂനിയര്‍ താരംകൂടിയാണ്.
കടവന്ത്ര രാജീവഗ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സെമിയില്‍ കരുത്തരായ ഡല്‍ഹിയുടെ നേഹ അഗര്‍വാള്‍-മാണിക ബത്ര ടീമിനോട് ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് കേരളസഖ്യം പരാജയപ്പെട്ടത്. .സ്‌കോര്‍ 10-12, 8-11, 11-6, 4-11. ഈയിനത്തില്‍ സ്വര്‍ണം ഡല്‍ഹി സഖ്യത്തിനാണ്. നേഹയും മാണിക ബത്രയും ഫൈനലില്‍ പശ്ചിമബംഗാളിന്റെ അംഗിത-മൗസ്മി സഖ്യത്തെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജയം.
ആദ്യ രണ്ടുസെറ്റിലും വെല്ലുവിളി ഉയര്‍ത്തിയ കേരള ടീം മൂന്നാംസെറ്റ് നേടി തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും അവസാന സെറ്റ് കൈവിട്ടു. സീനിയര്‍ തലത്തിലെ പരിചയക്കുറവ് പ്രകടനത്തെ ബാധിച്ചുവെന്ന് ദേശീയ ജൂനിയര്‍ താരങ്ങളായ ഇരുവരും മത്സരശേഷം പറഞ്ഞു.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ടോപ് സീഡ് മൗമ ദാസ്- പൗലോമി ഘട്ടക് സഖ്യത്തെ അട്ടിമറിച്ചാണ് കേരള ടീം സെമിയിലെത്തിയത്. ക്വാര്‍ട്ടറില്‍ ആദ്യസെറ്റ് നേടിയ കേരള ടീം പിന്നീടുള്ള രണ്ട് സെറ്റും കൈവിട്ട് പരാജയത്തിന്റെ വക്കില്‍നിന്നാണ് അവസാന രണ്ടുസെറ്റും നേടി സെമിയിലെത്തിയത്. സ്‌കോര്‍: 11-5, 7-11, 9-11, 14-12, 11-8. എന്നാല്‍ സെമിയില്‍ അടിതെറ്റി. തങ്ങള്‍ക്കു രണ്ട് വയസുള്ളപ്പോള്‍ ദേശീയ ചാമ്പ്യനായിരുന്ന പൗലോമി ഘട്ടക് ഉള്‍പ്പെട്ട ടീമിനെ കീഴടക്കാനായത് കരിയറിലെ മികച്ച നേട്ടമാണെന്ന് മരിയയും സേറയും പറഞ്ഞു.
ദേശീയ ജൂനിയര്‍ റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള മരിയ 2012ല്‍ പതിനഞ്ചു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോക ടിടി കിരീടം നേടിയ ഏഷ്യന്‍ ടീമില്‍ അംഗമായ ഏക ഇന്ത്യക്കാരിയായിരുന്നു. ആലപ്പുഴ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.