Connect with us

Kottayam

മാണിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

പാലാ: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലായിലെ മാണിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് കൊട്ടാരമറ്റം സ്റ്റാന്‍ഡിന് മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. പോലീസ് പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്‍ ചിതറി വീണ് 11 ഓളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും മാതൃഭൂമി ന്യൂസ്് റിപ്പോര്‍ട്ടര്‍ സന്ദീപിനും പരിക്കേറ്റു. നെഞ്ചിന്റ വലതു ഭാഗത്താണ് സന്ദീപിന് പരുക്ക്. ഇവരെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കണ്ണീര്‍ വാതക ഷെല്‍ തെറിച്ച് സമീപത്തുളള വസതിയിലും വീണു.
ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞ പോലീസിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരിഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
അരമണിക്കൂറോളം നഗരത്തില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മാണി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് മുരളീധരന്‍ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന്് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും മുന്നറിപ്പില്ലാതെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.