Connect with us

Gulf

ദുബൈ മാര്‍ത്തോമ്മാ ഇടവക കൊയ്ത്തുത്സവം 30ന്

Published

|

Last Updated

ദുബൈ: മാര്‍ത്തോമ്മാ പാരീഷിന്റെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ 30ന് ജബല്‍ അലി പാരീഷ് അങ്കണത്തില്‍ നടക്കുമെന്ന് സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കൊയ്ത്തുത്സവം ഒത്തൊരുമയുടെയും പങ്കിടലിന്റെയും വേദിയായിമാറും. വൈവിധ്യമാര്‍ന്ന ഭക്ഷണ ശാലകള്‍, നാടന്‍ തട്ടുകടകള്‍, മെഡിക്കല്‍ സെന്റര്‍, ആകര്‍ഷകമായ ലേലം വിളികള്‍, വിവിധ ഇനം ഗെയിംസ് സ്റ്റാളുകള്‍ എന്നിവ ഉത്സവത്തെ ആകര്‍ഷമാക്കും. ഇടവക ജനങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടൊപ്പം ദുബൈ അഗ്നി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കടലോളം കനിവ് എന്ന സംഗീത നാടകവും ഉണ്ടാകും.
ഈ വര്‍ഷവും കൊയ്ത്തുത്സവത്തില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ വരുമാനവും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കും. യു എ ഇയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസനത്തിലെ അട്ടപ്പാടി ഷോളയൂര്‍ ഡീ അഡിക്ഷന്‍ സെന്ററിന്റെയും മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും കൂടാതെ ദുബൈ മാര്‍ത്തോമ്മാ ഇടവകയുടെ പുതിയ സാമൂഹിക സേവന പദ്ധതിയായ കുട്ടികളുടെ ശസ്ത്രക്രിയക്കും കാന്‍സര്‍ ചികിത്സക്കുമായുള്ള “കാരുണ്യ സ്പര്‍ശം 2014” എന്ന പദ്ധതിക്കുമായി ഇത് വിനിയോഗിക്കും. ഇടവക ജനങ്ങളും കുടുംബാംഗങ്ങളുമായി 700ല്‍ അധികം ആളുകള്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
റവ. ഡോ. ഡാനിയേല്‍ മാമ്മന്‍, സഹ വികാരി റവ. വെന്നി വി എബ്രഹാം, വൈസ്. പ്രസി. ടൈറ്റസ് പുളൂരാന്‍, സെക്രട്ടറി ബിജു മാത്യു, ട്രഷറര്‍ മാത്യൂസ് എബ്രഹാം, പി എസ് മാത്യൂസ്, ജോണ്‍ സി എബ്രഹാം, സകരിയ ജോണ്‍ പാറയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest