Connect with us

International

എയര്‍ ഏഷ്യ വിമാനത്തിന്റെ ചട്ടക്കൂട് ഉയര്‍ത്താനുള്ള ശ്രമം വീണ്ടും പരാജയം

Published

|

Last Updated

ജക്കാര്‍ത്ത : കഴിഞ്ഞ മാസം യാത്രക്കാരുമായി ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ചട്ടക്കൂട് ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ഇത് ഉയര്‍ത്തിയെടുക്കാനുള്ള ശ്രമത്തിനിടെ തകര്‍ന്ന് വീണതാണ് ശ്രമം പരാജയപ്പെടാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചട്ടക്കൂട് ഉയര്‍ത്തുന്നതിനിടെ കഷ്ണങ്ങളായി പല ഭാഗങ്ങളായി തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന റിയര്‍ അഡ്മിറല്‍ വിദോദോ പറഞ്ഞു. 30 മീറ്റര്‍ അടിയില്‍നിന്ന്‌വിമാനത്തിന്റെ ഉടല്‍ഭാഗം കയര്‍ കെട്ടി ഉയര്‍ത്താനുള്ള ആദ്യ ശ്രമം ശനിയാഴ്ച പരാജയപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലെ സുരബായയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കടലില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ 162 പേര്‍ മരിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കഴിഞ്ഞ ആഴ്ച കടലില്‍നിന്ന് കണ്ടെടുത്തിരുന്നു. അപകടം സംബന്ധിച്ച് പ്രാഥമിക കണ്ടെത്തല്‍ അടുത്ത ആഴ്ച അന്വേഷക സംഘം സമര്‍പ്പിക്കും. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. വിമാനത്തിന്റെ പ്രധാനഭാഗമായ ഉടല്‍ ഭാഗത്ത് വെള്ളിയാഴ്ചയാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് പ്രവേശിക്കാനായത്. മോശം കാലാവസ്ഥയും കടല്‍ ക്ഷോഭവും അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.