Connect with us

Gulf

ഡാമുകളില്‍ 8.32 കോടി ലിറ്റര്‍ വെള്ളം സംഭരിച്ചു

Published

|

Last Updated

അബുദാബി: കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയിലെ വിവിധ ഡാമുകളില്‍ നിന്ന് 8.32 കോടി മഴവെള്ളം സംഭരിച്ചതായി ജല പരിസ്ഥിതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍വാന്‍ അറിയിച്ചു. ഒമാനു സമീപം റക്‌നയിലാണ് ഏറ്റവും മഴ ലഭിച്ചത്. 53.6 മില്ലി മഴയാണ് ഇവിടെ ലഭിച്ചത്. മരുഭൂമിയില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ഗവേഷണ പരിപാടികള്‍ക്ക് 1.83 കോടി ദിര്‍ഹം ചെലവു ചെയ്യും. മഴയുടെ തോത് വര്‍ധിപ്പിച്ച് കൂടുതല്‍ ജലശേഖരം ഒരുക്കാനുള്ള ഗവേഷണ പരിപാടികളാണ് ലക്ഷ്യമിടുന്നത്. “യു എ ഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ്” എന്നാണ് പദ്ധതി അറിയപ്പെടുക. പദ്ധതിയുടെ മേല്‍നോട്ടം യു എ ഇ യുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ “സെന്റര്‍ ഓഫ് മെട്രോളജി ആന്‍ഡ് സീസ്‌മോളജി” (എന്‍ സി എം എസ്) ക്കാണ്.
യു എ ഇ യിലെയും സമാന സ്വഭാവമുള്ള മറ്റു വരണ്ട പ്രദേശങ്ങളിലെയും മഴയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഠന ഗവേഷണങ്ങള്‍ക്ക് പദ്ധതിയിലൂടെ തുടക്കമിടും. രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷം വീതമുള്ള ഗവേഷണ പരിപാടിക്ക് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. കൃത്യമായ ഗവേഷണ സൗകര്യങ്ങളുള്ള വ്യക്തികളുടെ അപേക്ഷകളും പരിഗണിക്കും. വര്‍ഷാവര്‍ഷം നടക്കുന്ന മത്സരത്തിലൂടെയാണ് സ്ഥാപനങ്ങളെയും വ്യക്തികളെയും ഗ്രാന്റിനായി തിരഞ്ഞെടുക്കുന്നത്. സ്വകാര്യ, പൊതുമേഖലകള്‍ക്ക് പങ്കാളികളാകാം.
മഴ പെയ്യിക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള “ക്ലൗഡ് സീഡിങ്” പരിപാടി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഗവേഷണ പരിപാടികള്‍ സഹായകമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ മന്ദൂസ് അഭിപ്രായപ്പെട്ടു. വര്‍ഷം 100 മില്ലിമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന, വരണ്ട കാലാവസ്ഥയുള്ള യു എ ഇ യില്‍ ക്ലൗഡ് സീഡിങ് ഏറെ പ്രസക്തമാണ്.
വെള്ളം പെട്ടെന്ന് തന്നെ ബാഷ്പീകരിച്ച് പോവുകയും എന്നാല്‍, ഭൂമിയിലേക്ക് വളരെ കുറച്ച് വെള്ളം മാത്രം താഴ്ന്നുപോവുകയും ചെയ്യുന്ന ഭൂപ്രദേശമാണിത്അദ്ദേഹം പറഞ്ഞു. മാത്രമല്ല, ജനസംഖ്യാവര്‍ധനയും വികസനക്കുതിപ്പും കൂടുതല്‍ വെള്ളവും മഴയും ലഭിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിനാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. വരണ്ട കാലാവസ്ഥയുള്ള മറ്റു പ്രദേശങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
ഗ്രാന്റ് നേടുന്നവര്‍ക്ക് എന്‍ സി എം എസ്സിന്റെ സൗകര്യങ്ങളും സാങ്കേതികതയും ഉപയോഗപ്പെടുത്താനാകും.