Connect with us

Gulf

പ്രീപെയ്ഡാണെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ നിരക്ക് ഈടാക്കില്ല

Published

|

Last Updated

ദുബൈ;വാട്‌സ് ആപ്, ബ്ലാക്‌ബെറി മെസഞ്ചര്‍ തുടങ്ങിയവ യു എ ഇയില്‍ സൗജന്യമാക്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത്തിസലാത്തും ഡു വും സാമൂഹിക മാധ്യമങ്ങള്‍ സൗജന്യമായി അനുവദിക്കുന്നത്. ഓരോ റീചാര്‍ജിനൊപ്പവും ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്, ബി ബി എം, ട്വിറ്റര്‍ എന്നിവ സൗജന്യമായിരിക്കുമെന്ന് ഇത്തിസലാത്ത് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഖാലിദ് ഖൗലി അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ നിരക്ക് ഈടാക്കുന്നതല്ല. അതേസമയം, ഡാറ്റാ പാക്കേജ് വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ നിരക്ക് ഈടാക്കും. നേരത്തെ ഡു പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതേ സൗജന്യം അധികൃതര്‍ ലഭ്യമാക്കിയിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ യു എ ഇ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത് കൊണ്ടാണ് ഇവ സൗജന്യമാക്കുന്നതെന്ന് ഖാലിദ് അല്‍ ഖൗലി പറഞ്ഞു. സര്‍വകലാശാല വിദ്യാര്‍ഥികളില്‍ 72 ശതമാനം പേരും ഒരാഴ്ചയില്‍ 21 മണിക്കൂറിലധികം സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിക്കുന്നവരാണ്. കുടുംബാംഗങ്ങളുമായി ഇവര്‍ സംവദിക്കുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്. ഫോര്‍ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് വ്യാപകമായതോടെ വേഗത്തിലും കൃത്യതയിലും സാമൂഹിക മാധ്യമങ്ങള്‍ ലഭ്യമായിട്ടുണ്ട്. ചുരുങ്ങിയത് അഞ്ച് ദിര്‍ഹം റീ ചാര്‍ജ് ചെയ്യുമ്പോള്‍ ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് ട്വിറ്റര്‍, ബ്ലാക്ക്‌ബെറി മെസഞ്ചര്‍ എന്നിവ ഒരു ദിവസത്തേക്ക് സൗജന്യമായിരിക്കും.
10 ദിര്‍ഹം മുതല്‍ 19 ദിര്‍ഹം വരെ ചാര്‍ജ് ചെയ്യുകയാണെങ്കില്‍ മൂന്ന് ദിവസത്തേക്കാണ് സൗജന്യം. 20 മുതല്‍ 49 വരെയാണെങ്കില്‍ 10 ദിവസത്തേക്കും 50 മുതല്‍ 99 വരെയാണെങ്കില്‍ 30 ദിവസത്തേക്കും 100 ദിര്‍ഹവും അതിനു മുകളിലുമാണെങ്കില്‍ 60 ദിവസത്തേക്കും സാമൂഹിക മാധ്യമങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും.

Latest