Connect with us

Kerala

മാണിക്കെതിരെ കോണ്‍ഗ്രസിലും പടയൊരുക്കം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ മാണിക്കെതിരെ കോണ്‍ഗ്രസിലും പടയൊരുക്കം. കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ മാണിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ പരസ്യമായി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കേരള കോണ്‍ഗ്രസിലും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം മാണിയെ പ്രതിരോധിക്കേണ്ടതില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ പൊതു ധാരണയെന്നറിയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മാണിക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടും പി സി ജോര്‍ജും, ജോസഫ് എം പുതുശ്ശേരിയുമൊഴികെ മറ്റാരും രംഗത്തുവരാത്തതും ഇത് വ്യക്തമാക്കുന്നുണ്ട്.

മാണിക്കെതിരായി കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കേരള കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ന്നുവെന്നും ഉടന്‍ നിര്‍വാഹകസമിതി വിളിച്ചുചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇതിനിടെ മാണിയെ പ്രതിരോധിക്കുന്നെന്ന പേരില്‍ മാണിക്കൊപ്പം മന്ത്രി പി ജെ ജോസഫിനെ കൂടി വിവാദത്തിലേക്ക് വലിച്ചിടാനുള്ള ശ്രമമാണ് പി സി ജോര്‍ജ് നടത്തുന്നതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാണിക്കുവേണ്ടി ബാറുടമകളെ സ്വാധീനിക്കാന്‍ മന്ത്രി പി ജെ ജോസഫ് ശ്രമിച്ചുവെന്നതിനു തെളിവ് ശബ്ദരേഖ ഹാജരാക്കിയാല്‍ പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും ചീഫ് വിപ്പായ താനും രാജിവെക്കുമെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. വിവാദത്തില്‍ പി ജെ ജോസഫിനെയും ലൈവാക്കി നിര്‍ത്തുകയാണ് ഇതിലൂടെ ജോര്‍ജ് ലക്ഷ്യമിടുന്നതെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആരോപണം. അതേസമയം മാണിക്കെതിരെ രംഗത്തുവന്ന കേരളകോണ്‍ഗ്രസ്-ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന. പിള്ളയെ പുറത്താക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം രംഗത്തുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന് മുന്നണിയില്‍ നിന്ന് കൂടുതല്‍ പിന്തുണ കിട്ടാനിടയില്ല.
പിള്ളയുടെ കാര്യത്തില്‍ ഈ മാസം 28ന് ചേരുന്ന യു ഡി എഫ് യോഗം നിര്‍ണായക തീരുമാനമെടുക്കുമെന്ന സൂചനകള്‍ മുഖ്യമന്ത്രി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് നീങ്ങാനിടയില്ലെന്നാണറിയുന്നത്. പിള്ളക്കെതിരെ നടപടിയെടുക്കുന്നത് ഒരു മുന്നണിയെന്ന നിലയില്‍ യു ഡി എഫിനുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന് മുഖ്യമന്ത്രിക്കും മുന്നണി നേതാക്കള്‍ക്കും വ്യക്തമായി അറിയാം. മാത്രമല്ല ഇങ്ങനെ ഒരു നീക്കമുണ്ടായാല്‍ ഇതിനെ ബി ജെ പി ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയമായി മുതലെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഒപ്പം യു ഡി എഫിന്റെ സ്ഥാപന നേതാക്കളില്‍ പ്രമുഖനായ ഒരാളെ പുറത്താക്കുന്നതിന്റെ അനൗചിത്യവും മുന്നണിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചേക്കും.അതേസമയം, തങ്ങള്‍ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ്-ബി നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സോളാര്‍ വിഷയത്തില്‍ സരിത എഴുതിയ കത്ത് ഇതിനായി ബാലകൃഷ്ണ പിള്ള ഉപയോഗിച്ചേക്കും. 28ലെ യു ഡി എഫ് യോഗത്തില്‍ കടുത്ത തീരുമാനമുനണ്ടായാല്‍ ഈ കത്തിന്റെ പകര്‍പ്പ് പുറത്തുവിടുമെന്ന പ്രചാരണം ഇപ്പോള്‍തന്നെ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുന്ന തരത്തിലാണ് മന്ത്രിസഭാ തീരുമാനം. ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസിനു ഡി ജി പിയായി പ്രമോഷന്‍ നല്‍കി സ്ഥാനമാറ്റം നല്‍കാനാണ് തീരുമാനം. എന്നാല്‍ വിമര്‍ശം ശക്തമായതോടെ അദ്ദേഹത്തെ അന്വേഷണ ചുമതലയില്‍നിന്നു മാറ്റിയിട്ടില്ലെന്നും സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ജേക്കബ് തോമസിനു ഡി ജി പി റാങ്ക് നല്‍കുന്നതോടെ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡി ജി പി വിന്‍സന്‍ എം പോളുള്‍പ്പെടെ ഒരേപദവിയുള്ള രണ്ട് പേര്‍ വരുന്നതിന്റെ അസാംഗത്യം ജേക്കബ് തോമസിന്റെ വകുപ്പുമാറ്റത്തിന് വഴിയൊരുക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest