Connect with us

Articles

ഓര്‍മകളില്‍ ഒളി മങ്ങാതെ താജുല്‍ ഉലമ

Published

|

Last Updated

മര്‍കസ് സമ്മേളനം അടുത്താല്‍ എനിക്ക് വലിയ സന്തോഷമാണ്. സ്വദേശവാസികളും വിദേശികളുമായ പ്രവര്‍ത്തകരും നേതാക്കളുമെല്ലാം മര്‍കസ് കാണാനും അവിടെ നടക്കുന്ന വിവിധങ്ങളായ പരിപാടികളില്‍ പങ്കെടുക്കാനും വേണ്ടി വരുന്നത് സമ്മേളന കാലത്താണ്. നാട്ടിലേക്കുള്ള വരവിന്റെ തീയതി നിശ്ചയിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും മര്‍കസ് സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതും കാത്തുനില്‍ക്കുന്ന, വിദേശത്തു ജോലി ചെയ്യുന്ന ഒട്ടേറെ പ്രവര്‍ത്തകരും സഹകാരികളും ഉണ്ട്. അവര്‍ക്കൊക്കെ മര്‍കസ് സമ്മേളനം അവരുടെ ജീവിതത്തിലെ മൂന്നാമത്തെ പെരുന്നാള്‍ പോലെയാണ്. കാരണം അവരില്‍ ഭൂരിഭാഗം ആളുകളുടെയും ഭാവി എന്തെന്ന് നിശ്ചയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സ്ഥാപനമാണ് മര്‍കസ്. മര്‍കസ് എന്ന മാതൃക ഇല്ലായിരുന്നെങ്കില്‍, കേരളത്തിലെ മുസ്‌ലിംകളുടെ നാം ഇന്നിക്കാണുന്ന പുരോഗതികളില്‍ പലതിന്റെയും സ്വഭാവം മറ്റൊന്നാകുമായിരുന്നു. പലപ്പോഴായി കണ്ടു മറന്നവര്‍, മര്‍കസിന്റെയും സുന്നി സംഘടനകളുടെയും സഹകാരികള്‍, പലസമയങ്ങളിലായി പഠിച്ചുപോയ കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍ ഇങ്ങനെ സമ്മേളന കാലത്ത് മര്‍കസില്‍ എത്തുന്നവരുടെ നിര വളരെ നീണ്ടതാണ്. ആ സന്തോഷമൊക്കെ കാണാന്‍ വരുന്ന പ്രവര്‍ത്തകരെ സ്വീകരിക്കുക, അവരോടൊപ്പം പ്രാര്‍ഥിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും കുട്ടികളെ സന്ദര്‍ശിക്കുകയും ചെയ്യുക എന്നതൊക്കെയാണ് മര്‍കസ് സമ്മേളനം എനിക്ക് നല്‍കുന്ന വലിയ സന്തോഷം.
എന്ത് തിരക്കുകള്‍ ഉണ്ടെങ്കിലും മര്‍കസ് സമ്മേളനത്തിന് വേണ്ടി അതെല്ലാം മാറ്റിവെക്കുന്ന നേതാവായിരുന്നു താജുല്‍ ഉലമ. തങ്ങളുടെ മര്‍കസിലേക്കുള്ള വരവാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കാറുള്ള ഒരു കാര്യം. പക്ഷേ, ഇക്കഴിഞ്ഞ സമ്മേളനത്തിന് താജുല്‍ ഉലമ എത്തിയില്ല. അതിനും പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പ് അല്ലാഹുവിന്റെ വിളികേട്ടു തങ്ങള്‍ യാത്ര തിരിച്ചിരുന്നു. തങ്ങളുടെ കൂടി ആശയവും ആഗ്രഹവുമായിരുന്നു മര്‍കസ്. ആ സ്ഥാപനം സന്ദര്‍ശിക്കാന്‍ തങ്ങള്‍ക്കും പെരുത്ത് സന്തോഷമായിരുന്നു. അതുകൊണ്ടായിരുന്നു അനാരോഗ്യം വകവെക്കാതെയും ദീര്‍ഘദൂരം യാത്ര ചെയ്തും തങ്ങള്‍ ഓരോ തവണയും മര്‍കസില്‍ വന്നത്. താജുല്‍ ഉലമയുടെ വരവ് നല്‍കുന്ന സന്തോഷം, അവിടുത്തെ പ്രസംഗം നല്‍കുന്ന ആവേശം, ആ പ്രാര്‍ഥന നല്‍കുന്ന ഉന്മേഷം അതൊന്നും ഇനി മര്‍കസ് സമ്മേളനത്തിന് മുതല്‍ക്കൂട്ടായി ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് വലിയ വേദന തോന്നി. ആ അഭാവം മുഴച്ചുനിന്ന സമ്മേളനമായിരുന്നു കഴിഞ്ഞത്. സമ്മേളന വേദിയില്‍ ഇരുന്നപ്പോള്‍ താജുല്‍ ഉലമയുടെ പ്രസംഗങ്ങള്‍ വല്ലാതെ ഓര്‍മയില്‍ വന്നു. ആ ശബ്ദത്തിന്റെ കനവും ഗാംഭീര്യതയും നമുക്ക് മറക്കാന്‍ കഴിയുമോ?
താജുല്‍ ഉലമയുമായുള്ള എന്റെ ബന്ധം ദര്‍സില്‍ പഠിക്കുന്ന കാലം മുതലേ തുടങ്ങിയതാണ്. അന്നൊക്കെ പള്ളി ദര്‍സുകളില്‍ പ്രമുഖരായ മുദര്‍രിസുമാരെ എണ്ണുന്ന കൂട്ടത്തില്‍ ഉസ്താദുമാര്‍ പറയാറുണ്ടായിരുന്ന പ്രധാന പേരുകളില്‍ ഒന്ന് ഉള്ളാള്‍ ദര്‍ഗയിലെ മുദര്‍രിസിന്റെതായിരുന്നു. പഠന കാലത്താണ് തങ്ങളെ ആദ്യമായി കാണുന്നതും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ വെച്ചു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചായിരുന്നു അത്. ഞാന്‍ ആദ്യമായി കേട്ട തങ്ങളുടെ പ്രസംഗവും അതായിരുന്നു. അത് തൊട്ടുള്ള അറുപതു വര്‍ഷത്തോളം നീണ്ട തങ്ങളുമായുള്ള എന്റെ സഹവാസങ്ങള്‍ എന്റെ വ്യക്തി ജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ഇക്കാലയളവില്‍ ഒക്കെയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തായിരുന്നു തങ്ങളുടെ ഒരേയൊരു പരിഗണന. മറ്റൊന്നും തങ്ങളുടെ മുന്‍ഗണനയില്‍ ഉണ്ടായിരുന്നില്ല. ആ പരിഗണനക്കും മുന്‍ഗണനക്കും പോറല്‍ ഏല്‍ക്കാനിടയുള്ള എല്ലാത്തില്‍ നിന്നും തങ്ങള്‍ അകലം പാലിച്ചു. കുടുംബ ബന്ധങ്ങളോ, ഗുരുശിഷ്യ ബന്ധങ്ങളോ ഒന്നും തന്നെ തങ്ങളുടെ തീരുമാനങ്ങളെ, അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയ ധാരകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത കടപ്പാടുകളെ സ്വാധീനിച്ചില്ല. പേരില്‍ തന്നെ സൂചിപ്പിക്കുന്നത് പോലെ സുന്നത്ത് ജമാഅത്തായിരുന്നു തങ്ങളുടെ അഹ്‌ല്. ആ കുടുംബത്തെ ഉത്തരവാദിത്വവും കടപ്പാടും സമര്‍പ്പണ ബോധവുമുള്ള ഒരു രക്ഷിതാവിനെ പോലെ തങ്ങള്‍ നോക്കിനടത്തി. പ്രതിസന്ധികളെ വകഞ്ഞുമാറ്റി ആ കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്തി. ആ ഭദ്രത ഇല്ലാതാക്കാന്‍ തുനിഞ്ഞവരെയൊക്കെയും തങ്ങള്‍ തന്റെ അസാധാരണമായ വ്യക്തിപ്രഭാവംകൊണ്ട് നിഷ്പ്രഭമാക്കി. ആ കുടുംബത്തിന്റെ യാത്ര സുഗമവും സുരക്ഷിതപൂര്‍ണവുമാക്കുന്നത്തിന് തങ്ങള്‍ സഹിച്ച ത്യാഗം ചില്ലറയല്ല. ആദര്‍ശത്തിനു മുന്നില്‍ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ പലതിനെയും വഴിയില്‍ ഉപേക്ഷിക്കാന്‍ തങ്ങള്‍ക്ക് യാതൊരു സന്ദേഹവും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാള്‍ക്കേ നക്ഷത്ര ശോഭയുള്ള ഉലമ ആയിത്തീരാന്‍ കഴിയുകയും ഉള്ളൂ. അതുകൊണ്ടാണല്ലോ നാം ഉള്ളാള്‍ തങ്ങളെ താജുല്‍ ഉലമ എന്ന് പേര് വിളിച്ചത്.
ഉള്ളാള്‍ തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത തങ്ങളിലെ ബഹുമുഖ പ്രതിഭയായിരുന്നു. ഒരേ സമയം സയ്യിദും ആലിമും ആബിദും ഖാളിയും മുദര്‍രിസ്സും. ഈ ഓരോ പദവിയിലും വിജയിച്ച നേതാവ് കൂടിയായിരുന്നു തങ്ങള്‍. സമസ്തയുടെ സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്കു ശേഷം ഈ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു നേതാവിനെ ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് കിട്ടിയത് ഉള്ളാള്‍ തങ്ങളുടെ വരവോടെയാണ്. അല്ലാഹു അവന്റെ ഉതവികൊണ്ട് തനിക്കു കനിഞ്ഞേകിയ ഈ കഴിവുകളും സ്ഥാനങ്ങളും ഒന്നും തന്നെ തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മിനക്കെട്ടില്ല. സമുദായത്തിന് വേണ്ടിയായിരുന്നു തങ്ങളുടെ ജീവിതവും സേവനവും. നിശ്ശബ്ദമായിരുന്നു തങ്ങളുടെ പല പ്രവൃത്തികളും. അതുകൊണ്ട് തന്നെ ആരവങ്ങള്‍ക്കും ആള്‍കൂട്ടങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന തങ്ങളെ നമുക്ക് കാണാന്‍ കഴിഞ്ഞില്ല. തങ്ങളുടെ നേതൃത്വത്തിന്റെ ഗുണഫലങ്ങളും നിശ്ശബ്ദമായിരുന്നു. കൊട്ടും കുരവയും ഉണ്ടാക്കലായിരുന്നില്ല അവയുടെ ലക്ഷ്യം. തലമുറകളോളം സമുദായത്തില്‍ കനിഞ്ഞിറങ്ങും വിധത്തില്‍ സംവിധാനിക്കപ്പെട്ടതായിരുന്നു തങ്ങളുടെ നേതൃത്വത്തിന്റെയും കഴിവുകളുടെയും ഗുണഫലങ്ങള്‍. അതു മുസ്‌ലിംകളുടെ ഇരു ലോകത്തെയും ജീവിതത്തെ അഭിമുഖീകരിച്ചു. രണ്ടു ലോകത്തും വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങള്‍ അനുയായികള്‍ക്ക് കാണിച്ചുകൊടുത്തു. ഒരിടത്തും അവര്‍ പരാജയപ്പെടരുതെന്ന് തങ്ങള്‍ക്കു നിര്‍ബന്ധം ഉണ്ടായിരുന്നു. ആ നിര്‍ബന്ധമാണ് നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ താജുല്‍ ഉലമയെ പ്രേരിപ്പിച്ചത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കര്‍ണാടകയിലൂടെ ഒരു യാത്ര നടത്തി. ഗുല്‍ബര്‍ഗയില്‍ നിന്നും മംഗലാപുരം വരെ രണ്ടാഴ്ച നീണ്ടു നിന്ന യാത്ര. കേരളം പോലെ കര്‍ണാടകയും ഉള്ളാള്‍ തങ്ങളുടെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്നു. അവിടുത്തെ മുഖ്യ ഖാളി കൂടിയായിരുന്നു തങ്ങള്‍. നീണ്ട വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ താജുല്‍ ഉലമ കര്‍ണാടകയില്‍ സാധിച്ചെടുത്ത മാറ്റങ്ങള്‍ ആ യാത്രയില്‍ എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞു. നാം പലപ്പോഴും കേരളത്തിലെ മുസ്‌ലിംകള്‍ കൈവരിച്ച നേട്ടത്തെ കുറിച്ചു പറയാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണല്ലൊ ഇവിടുത്തെ മുസ്‌ലിംകളുടെ സംഘബോധം. ഒരു കൂട്ടായ്മയുടെ ഭാഗമായി നിന്നാണ് ഇവിടുത്തെ മുസ്‌ലിംകള്‍ പല നേട്ടങ്ങളും കൈവരിച്ചത്. ഉള്ളാളത്തിരുന്ന് ഗുല്‍ബര്‍ഗവരെയും ഉള്ള മുസ്‌ലിംകളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത തങ്ങള്‍, കര്‍ണാടകയിലെ മുസ്‌ലിംകള്‍ക്കിടയിലും ഈ ഗുണ ഫലങ്ങള്‍ പകര്‍ന്നു നല്‍കി. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഞങ്ങളുടെ യാത്രയെ സ്വീകരിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു കൂടിയ ലക്ഷക്കണക്കിന് വിശ്വാസികള്‍. തന്റെ നീണ്ടകാലത്തെ പരിശ്രമത്തിലൂടെയാണ് തങ്ങള്‍ കര്‍ണാടകത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഈ മാറ്റങ്ങള്‍ സാധിച്ചെടുത്തത്.
സമാധാന പൂര്‍ണമായ സാമൂഹിക ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ദേശങ്ങളും മതങ്ങളും തമ്മിലുള്ള അകല്‍ച്ചകളും അതിര്‍വരമ്പുകളും ഒരു പ്രധാന തടസ്സമാക്കിമാറ്റാന്‍ പലരും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇത്. ഈ അതിര്‍വരമ്പുകളൊന്നും പരസ്പരം കലഹിക്കാനുള്ള കാരണങ്ങളായിക്കൂടാ എന്ന് പ്രായോഗികമായി പഠിപ്പിച്ച നേതാവ് കൂടിയായിരുന്നു താജുല്‍ ഉലമ. പ്രശ്‌ന കലുഷിതമായ സാമൂഹിക അന്തരീക്ഷം നിലനിന്നിരുന്ന മംഗലാപുരത്തും പരിസര പ്രദേശങ്ങളിലും താജുല്‍ ഉലമയുടെ സാന്നിധ്യം ഒരു ഉരുക്ക് കോട്ട പോലെ ജനങ്ങള്‍ക്ക് സുരക്ഷിതബോധം നല്‍കി. ജനങ്ങളെ പരസ്പരം സഹകരിപ്പിക്കാനും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരങ്ങളുണ്ടാക്കാനുമുള്ള മധ്യവര്‍ത്തിയായി തങ്ങള്‍ പലപ്പോഴും നിലകൊണ്ടു. സര്‍ക്കാര്‍ ഒരുക്കിയ മംഗലാപുരത്തെ വന്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാതെ പോയ വിവിധ ജന വിഭാഗങ്ങളെ ഉള്ളാള്‍ തങ്ങള്‍ ഒറ്റയ്ക്ക് നിയന്ത്രിച്ച അനുഭവങ്ങള്‍ പോലും ഉണ്ട്. മലയാളിയും തമിഴനും കന്നടക്കാരനും ആയതിന്റെ പേരില്‍ ജനങ്ങള്‍ അന്യ ദേശങ്ങളില്‍ അക്രമിക്കപ്പെടുകയും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് തന്നെയാണ് ഈ മഹാ ഗുരുവിനു മുന്നില്‍ അതിര്‍ത്തികളിലെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടത്. മലയാളിയായ തങ്ങളെ സ്വീകരിക്കാന്‍ മംഗലാപുരത്തുകാര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. അങ്ങനെ തങ്ങള്‍ കര്‍ണാടകക്കാരുടേയും പ്രിയപ്പെട്ട നേതാവായി.
ആദര്‍ശത്തോടുള്ള പ്രതിബദ്ധത ഏത് തരത്തില്‍ ഉള്ളതായിരിക്കണം എന്നതാണ് താജുല്‍ ഉലമ നമ്മെ പഠിപ്പിച്ച വലിയ പാഠം. 1970 കള്‍ മുതല്‍ തങ്ങളോടൊപ്പം സമസ്തയുടെ നേതൃ രംഗത്ത് പ്രവര്‍ത്തിച്ച കാലം മറക്കാനാകില്ല. ഒരു നേതാവിനുണ്ടാകേണ്ട എല്ലാ ഗുണഗണങ്ങളും തങ്ങളില്‍ ഉണ്ടായിരുന്നു. യോഗത്തില്‍ അധ്യക്ഷത വഹിക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കും. ഒരാളുടെയും അഭിപ്രായങ്ങള്‍ പറയാന്‍ അനുവദിക്കാതിരിക്കില്ല. ഒരാള്‍ സംസാരിക്കുമ്പോള്‍ ബാക്കി എല്ലാവരോടും അതു കേള്‍ക്കാന്‍ ആവശ്യപ്പെടും. ഗുരുവും ശിഷ്യനുമെല്ലാം ഇക്കാര്യത്തില്‍ തങ്ങള്‍ക്കു മുന്നില്‍ തുല്യം. തങ്ങള്‍ക്കു പറയാനുള്ള അഭിപ്രായങ്ങള്‍ അവസാനം പറയും. അനുയായികളെ കേള്‍ക്കാനുള്ള ഈ സന്നദ്ധത നേതാക്കള്‍ക്ക് ഉണ്ടാവേണ്ട പ്രധാനപ്പെട്ട ഗുണമാണ്. താജുല്‍ ഉലമയെ അനുയായികളുടെ പ്രിയപ്പെട്ട നേതാവാക്കിയ ഘടകവും ഇതുതന്നെ. പക്ഷേ തങ്ങള്‍ അധ്യക്ഷത വഹിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ച ഈ അഭിപ്രായ സ്വാതന്ത്ര്യമൊന്നും 89ലെ സമസ്തയുടെ നിര്‍ണായകമായ യോഗത്തില്‍ ശ്രോതാവായി ഇരുന്നപ്പോള്‍ മറ്റുള്ളവര്‍ ഉള്ളാള്‍ തങ്ങള്‍ക്ക് നല്‍കിയില്ല. സമസ്തയുടെ മിനുട്‌സ് തിരുത്താനുള്ള തീരുമാനം ചിലര്‍ എടുത്തപ്പോള്‍ ആ തീരുമാനത്തോടുള്ള തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നതായിരുന്നു ഉള്ളാള്‍ തങ്ങള്‍ ആ യോഗത്തില്‍ വെച്ച് അവസാനം ആവശ്യപ്പെട്ടത്. അതും അംഗീകരിക്കാതെ വന്നപ്പോഴാണ് ഉള്ളാള്‍ തങ്ങള്‍ ഇറങ്ങിപ്പോന്നതും സമസ്ത പുനഃസംഘടിപ്പിച്ചതും. ഇറങ്ങിവരുമ്പോള്‍ ഉള്ളാള്‍ തങ്ങള്‍ നടത്തിയ പ്രാര്‍ഥന എനിക്കിപ്പോഴും ഓര്‍മയുണ്ട്. സത്യം പറയാന്‍ എന്ന് സ്വാതന്ത്ര്യം ലഭിക്കുന്നുവോ അന്നല്ലാതെ ഞങ്ങളെ ഇവിടേക്ക് വരുത്തരുതേ നാഥാ എന്നതായിരുന്നു ആ പ്രാര്‍ഥന. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചതിന്റെ സാക്ഷ്യമാണ് താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ സമസ്ത പിന്നീടുള്ള കാലത്ത് കൈവരിച്ച നേട്ടങ്ങളും സ്വാധീനവും.
ആ താജുല്‍ ഉലമയാണ് ഒരു വര്‍ഷം മുന്‍പ് നമ്മോടു യാത്രപറഞ്ഞു പോയത്. പക്ഷേ, നമ്മെ അനാഥരാക്കിയല്ല തങ്ങള്‍ യാത്ര പോയത്. സത്യം പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യവും ഇരിപ്പിടവും ആത്മവിശ്വാസവും ആ സത്യം ഉയര്‍ത്തിപ്പിടിക്കാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും മുഴുവനും ഒരുക്കിത്തന്നാണ് തങ്ങള്‍ യാത്ര പോയത്. ആ സ്വാതന്ത്ര്യം യഥാവിധം ഉപയോഗപ്പെടുത്തുക എന്നതാണ് നമ്മുടെ ചുമതല. ആ ചുമതല ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് പ്രിയപ്പെട്ട താജുല്‍ ഉലമക്കു നല്‍കാന്‍ നമുക്ക് കഴിയുന്ന ഏറ്റവും വലിയ ഹദിയ. അതായിരിക്കും താജുല്‍ ഉലമയുടെയും വലിയ ഇഷ്ടം.

---- facebook comment plugin here -----

Latest