Connect with us

Wayanad

സി പി എം പ്രതിഷേധ മാര്‍ച്ചും ജ്വാലയും നടത്തും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് ആശുപത്രി ഉടന്‍ ആംഭിക്കണമെന്നാവശ്യപ്പെട്ട് സിപി എം നേതൃത്വത്തില്‍ ഫെബ്രുവരി ആറിന് പ്രതിഷേധ മാര്‍ച്ച് നടത്തി കല്‍പ്പറ്റയില്‍ പ്രതിഷേധ ജ്വാല ഉയര്‍ത്തും. കല്‍പ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം വികസനത്തില്‍ വയനാടിനോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെയുള്ള ജനമുന്നേറ്റമാകും.
യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചന തിരിച്ചറിയുക, മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ചും ജ്വാലയും. ആറിന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ഏരിയയിലെ പഞ്ചായത്ത് കേന്ദ്രങ്ങളായ മുട്ടില്‍, കമ്പളക്കാട്, കോട്ടത്തറ, പിണങ്ങോട്, മേപ്പാടി, താഴെ അരപ്പറ്റ, മുണ്ടേരി, മടിയൂര്‍ എന്നിവിടങ്ങളില്‍നിന്നും മാര്‍ച്ച് ആരംഭിക്കും. വൈകിട്ട് 4.30ന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് മാര്‍ച്ചുകള്‍ സംഗമിച്ച് പ്രതിഷേധ ജ്വാല തെളിയ്ക്കും. രാഷ്ട്രിയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
2012-ലെ ബജറ്റിലാണ് സര്‍ക്കാര്‍ വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്.
വയനാടിനൊപ്പം പത്തനംതിട്ടയിലെ കോന്നി, മലപ്പുറത്തെ മഞ്ചേരി, കാസര്‍കോട്ടെ ബദിയടുക്ക, ഇടുക്കി എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ചേരിയിലും ഇടുക്കിയിലും മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു. കോന്നിയിലും കാസര്‍കോട്ടും കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്. വയനാട്ടില്‍ 2014 ജനുവരിയില്‍ തറക്കല്ലിടുമെന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാരിന്റെ ഒടുവിലത്തെ വാഗ്ദാനം. എന്നാല്‍ 2015 ജനുവരിയായിട്ടും സ്ഥലമെടുപ്പ് നടപടികള്‍പോലും പൂര്‍ത്തിയാക്കിയില്ല.
മെഡിക്കല്‍ കോളജിന് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മടക്കിമലയില്‍ സൗജന്യമായി വിട്ടുനല്‍കാമെന്ന് പറഞ്ഞ ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നാണ് റവന്യു വകുപ്പ് കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് നിര്‍മാണം ആരംഭിക്കണം. ഇതിന് കാലതാമസം നേരിടുകയാണെങ്കില്‍ പകരം ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ മൗനം വെടിയണം. ഭരണകക്ഷി സംഘടനകള്‍ സമരനാടകം നടത്തുകയാണ്. മെഡിക്കല്‍ കോളജിന് ഭൂമി ഏറ്റെടുക്കേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും സര്‍ക്കാരാണ്. ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ യഥാസമയം പൂര്‍ത്തീകരിച്ചതായി കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.പ്രതിഷേധ മാര്‍ച്ചിലും ജ്വാലയിലും മുഴുവന്‍പേരും പങ്കെടുക്കണമെന്ന് ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ പി എം നാസര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, എം വേലായുധന്‍, വി പി ശങ്കരന്‍ നമ്പ്യാര്‍, എം ഡി സെബാസ്റ്റിയന്‍, എം മധു എന്നിവര്‍ സംസാരിച്ചു.