Connect with us

Malappuram

യുവാവിന്റെ വിയോഗം അനാഥമാക്കിയ കുടുംബത്തിന് കാരുണ്യ ഹസ്തവുമായി കഫീലെത്തി

Published

|

Last Updated

കൊളത്തൂര്‍: യുവാവിന്റെ ആകസ്മിക മരണം അനാഥമാക്കിയ കുടുംബത്തിന് സാന്ത്വനവുമായി കഫീല്‍ എത്തി. കഴിഞ്ഞ നവംബറില്‍ ഷോക്കേറ്റ് മരിച്ച വെങ്ങാട് മേല്‍മുറിയിലെ സൈതലവി എന്ന കുട്ടിപ്പയുടെ കഫീല്‍ ജിദ്ദയിലെ മുഹമ്മദ് സാല സഹ്‌റാനിയാണ് അനാഥ കുടുംബത്തിന് സഹായ ഹസ്തവുമായി എത്തിയത്.
ജിദ്ദയില്‍ ജോലി ചെയ്തു വരുന്നതിനിടയില്‍ അവധിക്കായി നാട്ടിലെത്തിയ കുട്ടിപ്പ ഗൃഹപ്രവേശനം നിശ്ചയിച്ച വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ഷോക്കേറ്റാണ് മരിച്ചത്. പത്ത് വര്‍ഷത്തോളം ജിദ്ദയിലായിരുന്ന കുട്ടിപ്പയുടെ മരണത്തോടെ അനാഥരായ ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് കാരുണ്യ സ്പര്‍ശവുമായാണ് കുട്ടിപ്പയുടെ വീട്ടില്‍ കഫീല്‍ എത്തിയത്.
ബേങ്കുകളിലും സ്വകാര്യ വ്യക്തികള്‍ക്കുമായി മൂന്ന് ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന കുട്ടിപ്പയുടെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുകയും അനാഥരായ കുടുംബത്തിന് ജീവിത മാര്‍ഗത്തിനുള്ള സഹായം ഉറപ്പ് നല്‍കുകയും ചെയ്താണ് സാല സഹ്‌റാനി മടങ്ങിയത്. പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങാനിരിക്കെയാണ് കുട്ടിപ്പയെ വിധി തേടിയെത്തിയത്. മരണ വാര്‍ത്തയറിഞ്ഞ് സാല സഹ്‌റാനി സഹായവുമായി എത്തിയ ആശ്വാസത്തിലാണ് ഈ കുടുംബം.

Latest