Connect with us

National

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘാടനം ദിവസങ്ങള്‍ക്കുള്ളില്‍: കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി ബി എഫ് സി) ദിവസങ്ങള്‍ക്കുള്ളില്‍ പുനഃസംഘടിപ്പിക്കുമെന്ന് വിവര, പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്. മന്ത്രാലയത്തിന്റെ ഇടപെടലിനും ക്രമക്കേടിനെയും സംബന്ധിച്ച് ആരോപണമുന്നയിച്ചവര്‍ എന്തുകൊണ്ട് നേരത്തെ രാജിവെച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമക്ക് അനുമതി നല്‍കിയതില്‍ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇതിന് മുമ്പ് നേരത്തെ രണ്ട് സിനിമകള്‍ വിവാദമുണ്ടാക്കിയിരുന്നല്ലൊ. അന്ന് സര്‍ക്കാര്‍ ഇടപെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായോ? ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. സ്വന്തം തീര്‍പ്പില്‍ മാറ്റം വന്നതിനാലാണത്. സി ബി എഫ് സി ഉള്ളപ്പോള്‍ എന്തിന് ഇടപെടണം. ദൂരദര്‍ശന്‍ പുനരുജ്ജീവനം, വടക്കുകിഴക്കന്‍ മേഖലയെ മുഖ്യധാരയിലെത്തിക്കുക, പുതിയ എഫ് എം ചാനലുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ മന്ത്രാലയത്തിന് മുന്നിലുണ്ട്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ബോര്‍ഡ് യോഗം കൂടാന്‍ മന്ത്രാലയം അനുവദിക്കുന്നില്ലെന്ന സാംസന്റെ ആരോപണത്തോട് റാത്തോഡ് ഇങ്ങനെ പ്രതികരിച്ചു. “എന്നിട്ട് ഇതുവരെ എന്തുകൊണ്ട് കത്തോ ഇ മെയിലോ എസ് എം എസോ അയച്ചില്ല.” സിഖ് വിഭാഗമായ ദേര സച്ചാ സൗദയുടെ മേധാവി സ്വയം ദൈവമായി അവതരിപ്പിക്കുന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പ്രശസ്ത ഭരതനാട്യ നര്‍ത്തകി ലീല സാംസണ്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിറകേയാണ് ഷാജി എന്‍ കരുണ്‍ അടക്കമുള്ള മറ്റംഗങ്ങള്‍ രാജി സമര്‍പ്പിച്ചത്. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന് പേരിട്ട ചിത്രത്തില്‍ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീം സിംഗ് ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് തിരശ്ശീലയില്‍ എത്തുന്നത്. ഈ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കാനാകില്ലെന്നായിരുന്നു നേരത്തേ സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തത്. എന്നാല്‍, റാം റഹീം സിംഗ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലറ്റ് ട്രൈബ്യൂണലിനെ (എഫ് സി എ ടി) സമീപിച്ച് അനുമതി നേടിയെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത്.

Latest