Connect with us

Gulf

ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസില്‍ പോലീസ് തിരയുന്ന മൂന്നംഗ സംഘം പിടിയിലായി. ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണ് സംഘത്തെ വലയിലാക്കിയത്. സംഘാംഗങ്ങള്‍ മൂന്നുപേരും പാക്കിസ്ഥാന്‍ സ്വദേശികളാണ്.
ഖോര്‍ഫുകാനിലെ ഒരു ട്രാവല്‍ ഏജന്‍സി ഓഫീസ് കുത്തിത്തുറന്ന് മോഷണം നടന്നതായി പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. ട്രാവല്‍ ഏജന്‍സി ഓഫീസിന്റെ വാതില്‍ തകര്‍ത്താണ് പ്രതികള്‍ അകത്തു കടന്നത്. സ്ഥലത്തെത്തിയ പോലീസ് പ്രത്യേക സംഘത്തെ നിശ്ചയിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികള്‍ ഇതേ മാതൃകയില്‍ രാജ്യത്തിന്റെ പലഭാഗത്തും വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം ഓഫീസുകളിലും മോഷണം നടത്തിയതായും പോലീസിനോട് സമ്മതിച്ചു. ഷാര്‍ജയില്‍ മാത്രം പ്രതികള്‍ ഇത്തരത്തില്‍ 15 സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. ദുബൈ, അജ്മാന്‍ എന്നിവിടങ്ങളിലായി ആറ് സ്ഥാപനങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നേരത്തെ പലസ്ഥലങ്ങളിലും അറസ്റ്റ് വാറന്റ് നിലവിലുണ്ട്. മാത്രമല്ല, സംഘത്തിലൊരാള്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടയാളാണ്. അനധികൃതമായി തിരിച്ചെത്തിയാണ് ഇയാള്‍ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.