Connect with us

Palakkad

നഷ്ടപരിഹാരം കുറച്ചു; കര്‍ഷകര്‍ കടക്കെണിയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കൃഷിനാശം സംഭവിച്ച കാര്‍ഷിക വിളകളുടെ നഷ്ടപരിഹാര തുക വെട്ടിക്കുറച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
സംസ്ഥാനത്തെ പ്രധാന കാര്‍ഷിക മേഖലയായ ജില്ലയിലുള്‍പ്പെടെ കര്‍ഷകരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ സീസണില്‍ വ്യാപക കൃഷിനാശം സംഭവിച്ചിരുന്നു. എന്നാല്‍ ഈ കര്‍ഷകര്‍ക്കെല്ലാം തന്നെ പുതിയ മാനദണ്ഡ പ്രകാരമുളള വെട്ടിക്കുറച്ച തുകകള്‍ മാത്രമെ ലഭിക്കുകയൊളളുവെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വായ്പയെടുത്തും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ ധനസഹായം ഏറെ അപര്യാപ്തമാണ്.
മുന്‍കാലങ്ങളില്‍ നാശം സംഭവിച്ച വാഴ ഒന്നിന് 6രൂപയും തെങ്ങിന് 700 രൂപയും കവുങ്ങിന് 150 രൂപയുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ ഉത്തരവ് പ്രകാരം വാഴക്ക് 3.50 രൂപയും ജലസേചന സൗകര്യമില്ലാത്തതിന് 1.50 രൂപയും തെങ്ങിന് 160 രൂപയും കവുങ്ങിന് 14 രൂപയുമാണുളളത്. നെല്ല് ഹെക്ടറിന് 10000 രൂപയായിരുന്നത് 9000 രൂപയായും ചുരുക്കിയിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ സീസണില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരെല്ലാം കടം കയറി ജപ്തി ഭീഷണിയിലാണ്. ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ സഹായകമാവുമെന്ന് കരുതിയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയും ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നില്ല. പച്ചക്കറി കൃഷിയുള്‍പ്പെടെയുളള 25 ഇനം കാര്‍ഷിക വിളകള്‍ക്കാണ് ഈ പദ്ധതി ഗുണകരമായിയിരുന്നത്. എന്നാല്‍ പദ്ധതില്‍ അംഗങ്ങളായ ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സിലൂടെയുളള നഷ്ടപരിഹാരമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് ഇന്‍ഷുറന്‍സ് കമ്പനിയും സര്‍ക്കാറും തമ്മിലുളള ഒത്തുകളിയാണെന്നുളളതാണെന്നാണ് കര്‍ഷകരുടെ ആരോപണം. ജില്ലയിലെ രണ്ടാം വിള നെല്ല് സംഭരണം തുടങ്ങാന്‍ സമയമായിട്ടും സര്‍ക്കാറൊ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനൊ ഇതിനാവശ്യമായ മുന്നൊരുക്കങ്ങളൊന്നും തന്നെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല.
നെല്ല് സംഭരണത്തിന് പ്രത്യേക ഫണ്ട് നീക്കിവെക്കണമെന്നും സംഭരിക്കുന്ന സമയത്ത് കര്‍ഷകര്‍ നല്‍കുന്ന കയറ്റുകൂലി ഒഴിവാക്കണമെന്നുമുളള കര്‍ഷകരുടെ ആവശ്യങ്ങളോട് ഇതുവരെയായി സര്‍ക്കാറൊ കോര്‍പ്പറേഷനൊ അനുകൂലമായ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ഒരു ചാക്ക് കയറ്റുന്നതിന് സിവില്‍ല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്നും 5രൂപ മുതല്‍ 13 രൂപവരെ ഈടാക്കുന്നുണ്ട്. അതെ സമയം ഒരു ക്വിന്റല്‍ നെല്ലിന് ഹാന്റ്‌ലിംങ് ചാര്‍ജ്ജായി കോര്‍പ്പറേഷന്‍ 50 രൂപവരെ സ്വകാര്യ മില്ലുകാര്‍ക്ക് നല്‍കുന്നുമുണ്ട്.
കര്‍ഷകരെ ചൂഷണം ചെയ്ത് ആ പണം കൂടി മില്ലുകാര്‍ക്ക് നല്‍കുന്ന കോര്‍പ്പറേഷന്റെ സമീപനം അവസാനപ്പിക്കണമെന്നാവശ്യവും ശക്തമാണ്.

Latest