Connect with us

Kozhikode

വടകരയെ ചുവപ്പണിയിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ച്

Published

|

Last Updated

വടകര: നഗരത്തെ ചെങ്കടലാക്കി സി പി എം ജില്ലാ സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ സമാപനം. വടകര ജെ ടി റോഡ്, കരിമ്പനപ്പാലം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ പതിനായിരത്തോളം റെഡ് വളണ്ടിയര്‍മാര്‍ അണിചേര്‍ന്നു. ജെ ടി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലാ സമ്മേളന പ്രതിനിധികള്‍ അണിനിരന്നു. ഈ മാര്‍ച്ചുകള്‍ എടോടിയില്‍ സംഗമിച്ചാണ് പൊതുസമ്മേളന നഗരിയായ നാരായണ നഗറിലെ സി എച്ച് അശോകന്‍ നഗരിയില്‍ എത്തിച്ചേര്‍ന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെറുപ്രകടനങ്ങള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് ഒത്തുചേരാതെ പൊതുസമ്മേളന നഗരിയിലേക്ക് പ്രവേശിച്ചു.
പൊതുസമ്മേളനം സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ മോദി തരംഗം അപ്രത്യക്ഷമായതായി കോടിയേരി പറഞ്ഞു.
ചെറുകിട വ്യാപാര മേഖലയില്‍ പോലും വിദേശ നിക്ഷേപം വളര്‍ന്നുവരാനാണ് ബി ജെ പി സാഹചര്യമൊരുക്കുന്നത്. വികസനം ഒഴിവാക്കാന്‍, വര്‍ഗീയ വികാരം അഴിച്ചുവിടാനാണ് ആര്‍ എസ് എസ് രാജ്യവ്യാപകമായി ശ്രമിക്കുന്നത്. തീവ്ര ഉദാരവത്കരണ നയവുമായി മുന്നോട്ടു നീങ്ങുന്ന ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി പി മോഹനന്‍ അധ്യക്ഷത വഹിച്ചു.
എളമരം കരീം, എം എ ബേബി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദന്‍, ടി പി രാമകൃഷ്ണന്‍, എ പ്രദീപ് കുമാര്‍, സി ഭാസ്‌കരന്‍, ടി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

Latest