കേരളത്തിന് റെയില്‍വേ സോണില്ലെന്ന് റെയില്‍വേ മന്ത്രി

Posted on: January 13, 2015 3:30 pm | Last updated: January 14, 2015 at 10:37 am

ന്യൂഡല്‍ഹി: റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നടത്തിയ ചര്‍ച്ചയിലാണ് സോണ്‍ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കരുതെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടത്. പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പെടെ കേരളത്തിന്റെ മറ്റു റെയില്‍വേ ആവശ്യങ്ങളിലെല്ലാം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. റെയില്‍വേ ബജറ്റിന് മുന്നോടിയായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ചത്. പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണത്തിന് ഇനി കാലതാമസമുണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനം ഇരുവരും ചേര്‍ന്ന് കേന്ദ്ര മന്ത്രിക്ക് നല്‍കി. പെനിസുലാര്‍ റെയില്‍വേ സോണ്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ ഡിവിഷനുകളെ ഉള്‍പ്പെടുത്തിയാണ് പുതിയ സോണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ തന്നെ ഇങ്ങനെ ഒരാവശ്യം ഉയര്‍ത്തിയതാണ്. ദിനേഷ് ത്രിവേദി കേന്ദ്ര മന്ത്രിയായിരിക്കെ ഇക്കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. പാലക്കാട് ഡിവിഷന്‍ വിഭജിച്ച് മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കാനുള്ള നിര്‍ദേശം കേരളത്തിലെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാകുമെന്നും കേരളം ചൂണ്ടിക്കാട്ടി. പാലക്കാട് കോച്ച് ഫാക്ടറി 2008- 09 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എറണാകുളം കായംകൂളം റൂട്ടില്‍ കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാന്‍ ബജറ്റില്‍ മതിയായ തുക അനുവദിക്കണം. പുനലൂര്‍ – ചെങ്കോട്ട ഗേജ് മാറ്റത്തിന് അധിക തുക അനുവദിക്കണം. എറണാകുളത്ത് ഒരു പിറ്റ് ലൈന്‍ കൂടി സ്ഥാപിക്കണമെന്നും അങ്കമാലി ശബരി പാതക്ക് കൂടുതല്‍ പണം നീക്കിവെക്കണമെന്നും ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കലിനും അങ്കമാലി ശബരി പാതക്കുമായി വരുന്ന ബജറ്റില്‍ 339 കോടി രൂപയും തൊട്ടടുത്ത വര്‍ഷം 550 കോടിയും അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
2011-12ലെ ബജറ്റില്‍ പ്രഖ്യാപിച്ച ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കണം. കേരളം ആവശ്യമായ ഭൂമി സൗജന്യമായി നല്‍കും. റെയില്‍വേ മന്ത്രി കേരളത്തിലെ എം പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം അറിയിച്ചിട്ടുണ്ട്. അങ്കമാലി- ശബരിപാതയുടെ നിര്‍മാണ ചെലവിന്റെ പകുതി കേരളം വഹിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഒഴിവാക്കണം. കണ്ണൂരിലെ നിര്‍ദിഷ്ട വിമാനത്താവളവുമായി പുതിയ റെയില്‍ കണക്ടിവിറ്റി നിര്‍മിക്കണം. നിലമ്പൂര്‍- നഞ്ചന്‍കോട് പാത നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാന്‍ സന്നദ്ധമാണ്. തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാട് വരെയും ചെങ്ങന്നൂരിലേക്കും സബര്‍ബന്‍ റെയില്‍ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രാനുമതിയും സഹായവും തേടി. ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു നിര്‍ദേശം. തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്കും തിരിച്ചും പ്രതിദിന രാജധാനി സര്‍വീസ് വേണമെന്ന ആവശ്യവും ഉന്നയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം, പ്ലാച്ചിമട ഉള്‍പ്പെടെയുള്ള കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിച്ചു.