Connect with us

Malappuram

റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം

Published

|

Last Updated

മലപ്പുറം: വ്യവസായികള്‍ക്ക് റബ്ബര്‍ നല്‍കുന്ന വന്‍കിട വിതരണക്കാര്‍ ആസൂത്രിതമായി നടത്തിവരുന്ന വഞ്ചന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഇതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജില്ലാ റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റബ്ബറിന്റെ സ്വാഭാവികമായ വില തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും ടയര്‍ വ്യവസായികള്‍, റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍ വ്യാപാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പന നികുതി ഒഴിവാക്കി റബ്ബറിന് കിലോക്ക് 130 രൂപയായി നിജപ്പെടുത്തി. ഇത്മൂലം 17 രൂപയോളം വര്‍ധന കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ വ്യവസായികള്‍ക്ക് റബ്ബര്‍ നല്‍കുന്ന വന്‍കിട വിതരണക്കാര്‍ ഈ ധാരണ അട്ടിമറിക്കുകയും ചെറുകിട കച്ചവടക്കാര്‍ക്ക് 10 രൂപ കുറച്ച് നല്‍കി.
സര്‍ക്കാര്‍ ഏജന്‍സിയായ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, റബ്ബര്‍ ബോര്‍ഡ് നേരിട്ട് നടത്തുന്ന മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്നിവരും 10 രൂപ കുറച്ച് സംഭരിച്ച് ഈ അട്ടിമറിക്ക് കൂട്ടു നില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
റബ്ബര്‍ ഉത്പാദനം കൂടിയ ഈസമയത്ത് വ്യവസായികള്‍ നാമമാത്രമായ റബ്ബറാണ് വാങ്ങുന്നത്. അതിനാല്‍ ചെറുകിട വ്യാപാരികളുടെ പക്കല്‍ റബ്ബര്‍ കെട്ടികിടക്കുകയാണ്. ഇത് പുതിയ ചരക്ക് വാങ്ങാന്‍ വ്യാപാരികള്‍ക്ക് തടസ്സമാകുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ റബ്ബര്‍ കച്ചവടക്കാര്‍ അനിശ്ചത കാലത്തേക്ക് പൂട്ടിയിടാന്‍ നിര്‍ബന്ധിതരാകും. അതിനാല്‍ ടയര്‍ കമ്പനികള്‍ക്ക് ചരക്ക് നല്‍കുന്ന വന്‍കിട വിതരണക്കാര്‍ നടത്തിവരുന്ന സാമ്പത്തിക അഴിമതിക്ക് എതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി അസോസിയേഷന്‍ മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബാബു ജേക്കബ്, ജനറല്‍ സെക്രട്ടറി കെ വി ജോഷി, വൈസ് പ്രസിഡന്റ് ഷാജി ജോസഫ്, സെക്രട്ടറി ലിയാഖത്ത് അലിഖാന്‍, ബോര്‍ഡ് മെമ്പര്‍ സി ശമീര്‍ സംബന്ധിച്ചു.