Connect with us

Malappuram

ചാത്തംകുളം ഗ്രൗണ്ട് നികത്തി കെട്ടിടം നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം

Published

|

Last Updated

വേങ്ങര: സ്ഥല പരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന വേങ്ങര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അസൗകര്യങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ചാത്തംകുളം ഗ്രൗണ്ട് നികത്തി കെട്ടിടം പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

ഒന്നാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ ഒരേ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ഭൗതിക സൗകര്യങ്ങളൊരുക്കല്‍ എന്നും കീറാമുട്ടിയാണ്. ടൗണില്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ആവശ്യമായ ഗ്രൗണ്ട് പേരിന് പോലുമില്ല.
സ്‌കൂള്‍ അസംബ്ലി പോലും വിളിക്കാന്‍ അധികൃതര്‍ നന്നേ ബുദ്ധിമുട്ടുകയാണ്. നിലവിലുണ്ടായിരുന്ന ഗ്രൗണ്ട് ഭാഗങ്ങളെല്ലാം അശാസ്ത്രീയമായി ചെറിയ കെട്ടിടങ്ങള്‍ നിര്‍മിച്ചതോടെ ഇല്ലാതായി. സ്‌കൂളിന് അര കിലോമീറ്റര്‍ അകലത്തില്‍ പത്താം വാര്‍ഡില്‍ ചാത്തംകുളത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു കുടുംബം സൗജന്യമായി രണ്ടേക്കറോളം ഭൂമി നല്‍കിയിരുന്നു. ഈ സ്ഥലമാണ് സ്‌കൂള്‍ കായികമേളക്ക് വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നത്. സ്‌കൂളിന്റെ പരിമിതികള്‍ കണക്കിലെടുത്ത് ചാത്തംകുളത്തെ ഭൂമിയില്‍ ഗ്രൗണ്ടോടു കൂടി കെട്ടിടം പണിയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ ശ്രമം തുടങ്ങിയിരുന്നു.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി ജനറല്‍ സ്‌കൂളായി മാറിയിട്ടുണ്ട്. ഇതോടെ കളി സ്ഥലത്തിന്റെയും മറ്റും അസൗകര്യം സ്‌കൂള്‍ അധികൃതര്‍ക്കും വിനയായിട്ടുണ്ട്.
നിലവില്‍ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ചാത്തംകുളം മൈതാനം പ്രദേശത്തെ താഴ്ന്ന പ്രദേശവും മഴക്കാലത്തെ ജലസംഭരണിയായതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ആക്കം കൂട്ടും. സ്‌കൂളിനായി തണ്ണീര്‍തടം നശിപ്പിക്കുന്നതിനെതിരെ പരിസരവാസികള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാവാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം നിര്‍മാണ പ്രവര്‍ത്തിക്കായി സ്ഥലത്തെത്തിയ ജെ സി ബി നാട്ടുകാര്‍ തടഞ്ഞു.
തണ്ണീര്‍തടം നശിപ്പിക്കുന്നതിനെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രി, ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ കെട്ടിടം നിര്‍മിക്കുന്ന പക്ഷം ഒരു സെഷന്‍ ഇവിടേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. സംഭവം വിവാദമായതോടെ അടുത്ത ദിവസം പി ടി എ കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിഷയം ധരിപ്പിച്ച് അന്തിമ തീരുമാനമെടുക്കാനാണ് സ്‌കൂള്‍ അധികൃതരുടെ നീക്കം.