Connect with us

Ongoing News

വനിതാ സംരഭകര്‍ക്കായി 'സന്ദേശ് വണ്‍' പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിജയം നേടിയെടുത്ത ഷീ ടാക്‌സിക്കു ശേഷം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വനിതകള്‍ക്കായി “സന്ദേശ് വണ്‍” പദ്ധതി നടപ്പാക്കുന്നു. പദ്ധതിയിലൂടെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ സംരംഭകരുടെ കീഴില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. വനിതാ സംരംഭകരെ വളര്‍ത്തുന്നതിലും സ്ത്രീ ശാക്തീകരണത്തിലും രാജ്യത്തിനാകെ മാതൃകയാകുമെന്നു പ്രതീക്ഷിക്കുന്ന സന്ദേശ് വണ്‍ ഈ മാസം 12 ന് ഉദ്ഘാടനം ചെയ്യും.

മാലിന്യ സംസ്‌കരണം, പാരമ്പര്യേതര ഊര്‍ജ്ജോത്പാദനം, കൃഷി, ആരോഗ്യം മുതലായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതിയിലൂടെ നിരവധി അടിസ്ഥാന സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ പരിഹാരം കാണാനാകും. പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി വനിതാസംരംഭകരെ ഈ മേഖലകളിലേയ്ക്കു നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരെഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനായി ആറ് മാസത്തെ പ്രത്യേക പരിശീലനം നല്‍കും. ഒരു പഞ്ചായത്തില്‍ നിന്നും ഒരാള്‍ക്കു വീതമാണ് പരിശീലനം നല്‍കുന്നത്. അഹമ്മദാബാദ് ഐ ഐ എമ്മില്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ കോഴ്‌സിന്റെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് നൈപുണ്യ വികസന സ്ഥാപനമായ ഐ എല്‍ ആന്‍ഡ് എഫ് എസ് ആണ്. സന്ദേശ് വണ്‍ ശൃംഖലയിലൂടെ ലക്ഷ്യമിടുന്ന ഉത്പന്നങ്ങളെയും സേവനങ്ങളെയും മനസ്സിലാക്കാനും പരിശീലനത്തില്‍ അവസരം ലഭിക്കും.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സന്ദേശ് വണ്‍ സെന്ററുകള്‍ വരുന്നതിലൂടെ പ്രാദേശികതലത്തില്‍ വന്‍തോതിലുള്ള തൊഴിലവസരങ്ങളുണ്ടാകുമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. ഗ്രാമങ്ങളിലെ തൊഴില്‍ രഹിതരായ യുവാക്കളെ ചെറുകിട വ്യവസായികളാക്കി വളര്‍ത്തുന്നതിലൂടെ സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും. പരമ്പരാഗത വ്യവസായങ്ങളില്‍ നിന്നു വ്യത്യസ്തമായി സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയാണ് സാമൂഹിക സംരംഭകത്വത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest