പുകയില നിയന്ത്രണം വി സി മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും

Posted on: January 8, 2015 12:49 am | Last updated: January 7, 2015 at 11:49 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുകയില നിയന്ത്രണ നടപടികള്‍ നിരീക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ത്രൈമാസ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു.
റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടറും ടുബാക്കോ ഫ്രീ കേരള വൈസ് ചെയര്‍മാനുമായ ഡോ. പോള്‍ സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള ടുബാക്കോ ഫ്രീ കേരള പ്രതിനിധികളുമായി രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. പുകയില ഉപയോഗം മൂലം അര്‍ബുദം ബാധിച്ച രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു.
ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായി കേരളത്തിലെ പുകയില നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടുബാക്കോ ഫ്രീ കേരള.
കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പുകയില ഉപയോഗത്തിലും പുകയിലമൂലം ഉണ്ടാകുന്ന അര്‍ബുദത്തിലും ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ നടക്കുന്ന റാഗിംഗ്, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും ഇതിനെതിരെ എടുത്ത നടപടികള്‍, ഭാവി പദ്ധതികള്‍ എന്നിവയെക്കുറിച്ചും വൈസ് ചാന്‍സലര്‍മാര്‍ എല്ലാ മാസവും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളില്‍ പുകയില നിയന്ത്രണ നടപടികളും ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം നല്‍കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.