Connect with us

Gulf

ദുബൈ-ഇന്ത്യ വാണിജ്യ ബന്ധം ശക്തിപ്പെട്ടു

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം ആദ്യ ഒന്‍പതു മാസത്തിനിടെ ദുബൈയും ഇന്ത്യയും തമ്മില്‍ 8000 കോടി ദിര്‍ഹത്തിന്റെ എണ്ണയിതര വ്യാപാര ഇടപാട് നടന്നതായി കസ്റ്റംസ് റിപ്പോര്‍ട്ട്. ഇറക്കുമതി, കയറ്റുമതി, പുനര്‍കയറ്റുമതി എന്നിവയില്‍ ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തി.. മേഖലാ-രാജ്യാന്തര തലങ്ങളില്‍ ദുബൈ പ്രമുഖ വ്യാപാര നിക്ഷേപകേന്ദ്രമായി വരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എണ്ണയിതര വ്യാപാരത്തില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. 12,600 കോടി ദിര്‍ഹത്തിന്റെ ഇടപാടാണു നടന്നത്. മുന്‍വര്‍ഷം ഇതേകാലയളവിലേക്കാള്‍ 27% കൂടുതല്‍. 6100 കോടി ദിര്‍ഹവുമായി യുഎസ് ആണു മൂന്നാം സ്ഥാനത്ത്. അറബ് മേഖലയില്‍ സൗദി അറേബ്യയാണ് ഏറ്റവും വലിയ വ്യാപാര പങ്കാളി-4000 കോടി ദിര്‍ഹം. എണ്ണയിതര വ്യാപാര മേഖലയില്‍ ഈ വര്‍ഷം ആദ്യത്തെ ഒന്‍പതുമാസത്തിനിടെ ആകെ 98,800 കോടി ദിര്‍ഹത്തിന്റെ ഇടപാടാണു നടന്നത്.
62,100 കോടിയുടെ ഇറക്കുമതിയും 8600 കോടിയുടെ കയറ്റുമതിയും 28,000 കോടിയുടെ പുനര്‍ കയറ്റുമതിയും രേഖപ്പെടുത്തി. വിവിധ ഭൂഖണ്ഡങ്ങളുമായുള്ള ദുബൈയുടെ വ്യാപാരത്തില്‍ ഈ വര്‍ഷം വന്‍കുതിപ്പുണ്ടായതായി ഡിപി വേള്‍ഡ്, പോര്‍ട്‌സ്-കസ്റ്റംസ്-ഫ്രീസോണ്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു. ഏഷ്യ 61,000 കോടി ദിര്‍ഹം, യൂറോപ്പ് 19,800 കോടി, ആഫ്രിക്ക 8900 കോടി, വടക്കേ അമേരിക്ക 7200 കോടി, തെക്കേ അമേരിക്ക 1000 കോടി, ഓസ്‌ട്രേലിയ 800 കോടി എന്നിങ്ങനെ മികച്ച നിലയില്‍ മുന്നേറുന്നു.
ജര്‍മനിയുമായുള്ള എണ്ണയിതര വ്യാപാര ഇടപാടില്‍ 25%, ജപ്പാന്‍ 13% എന്നിങ്ങനെ വര്‍ധന രേഖപ്പെടുത്തി. വികസന പദ്ധതികള്‍ മുന്‍നിര്‍ത്തി 2015 യുഎഇയുടെ നവീകരണവര്‍ഷമാണെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കമിട്ട യുഎഇ വിഷന്‍ 2021 ന്റെ കുടക്കീഴിലാണ് ദുബൈ സ്ട്രാറ്റജി പ്ലാന്‍ 2021 നടപ്പാക്കിവരുന്നതെന്നും ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----