Connect with us

Kozhikode

ഷിബിന്റെ സഹായഹസ്തം; സുമയ്യക്ക് സഞ്ചരിക്കാന്‍ വാഹനമായി

Published

|

Last Updated

നാദാപുരം: അരക്ക് താഴെ പൂര്‍ണമായും തളര്‍ന്നു പോയ സുമയ്യക്ക് ഷിബിനെന്ന യുവാവിന്റെ സഹായം മറക്കാനാകാത്ത അനുഭവമായി. ജന്മനാ വികലാംഗയായ അഴിയൂര്‍ സ്വദേശിനി സുമയ്യക്ക് ഇനി ഷിബിന്‍ നല്‍കിയ യമഹ സ്‌കൂട്ടറില്‍ സഞ്ചരിക്കാം.
ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിനിയായ സുമയ്യ സി എ ക്ക് ചേര്‍ന്ന് പഠിക്കാനാണ് തീരുമാനം. ഇതിന് ഒരു വാഹനം ലഭിക്കാന്‍ അതിയായി ആഗ്രഹിക്കുന്നതിനിടയിലാണ് അരൂര്‍ കല്ലുമ്പുറത്തെ വെല്‍ഡിംഗ് തൊഴിലാളിയായ ഷിബിന്‍ അതിന് തയ്യാറായത്. പത്രങ്ങള്‍ വഴിയാണ് സുമയ്യയുടെ വേദന ഷിബിന്‍ മനസ്സിലാക്കുന്നത്. ഇങ്ങനെയൊരു വാഹനം നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെങ്കിലും തനിക്ക് വേണ്ടി വാങ്ങിയ പുത്തന്‍ സ്‌കൂട്ടര്‍ സുമയ്യയുടെ സ്ഥിതി കണ്ടറിഞ്ഞ് ഷിബിന്‍ സുമയ്യക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
നാദാപുരത്ത് നടന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ജില്ലാ വളന്റിയര്‍ സംഗമത്തില്‍ വെച്ച് സ്‌കൂട്ടറിന്റെ താക്കോല്‍ ഷിബിന്‍ സുമയ്യക്ക് നല്‍കി. തന്റെ ആഗ്രഹം സാധിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു സുമയ്യ. പെരിങ്ങാടി അല്‍ഫലാഹ് അറബിക് കോളജില്‍ നിന്നാണ് സുമയ്യ ബിരുദപഠനം പൂര്‍ത്തീകരിച്ചത്. വീല്‍ചെയറിലിരുന്ന് കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയാണ് സുമയ്യ പഠിക്കാന്‍ തുക കണ്ടെത്തുന്നത്. പത്താം തരം വരെയുള്ള 21 കുട്ടികള്‍ക്ക് സുമയ്യ ട്യൂഷന്‍ നല്‍കുന്നുണ്ട്. പിതാവ് രോഗം ബാധിച്ച് കിടപ്പിലാണ്. സ്‌കൂട്ടര്‍ ഓടിക്കാന്‍ വശമില്ലാത്ത സുമയ്യ ഡ്രൈവിംഗ് സ്വായത്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകല്യം തളര്‍ത്തിയെങ്കിലും തോറ്റു കൊടുക്കാന്‍ സുമയ്യ തയ്യാറല്ല. താക്കോല്‍ ദാന ചടങ്ങില്‍ ഇ കെ വിജയന്‍ എം എല്‍ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി എന്നിവരും പങ്കെടുത്തും.

Latest