Connect with us

Ongoing News

2014 : ഇന്ത്യയുടെ മിന്നും താരങ്ങള്‍

Published

|

Last Updated

kidambiരാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങളിലൂടെ…..

ബാഡ്മിന്റണ്‍ (കിദംബി ശ്രീകാന്ത്, സൈന നെഹ്‌വാള്‍, പി വി സിന്ധു)

ബാഡ്മിന്റണിലായിരുന്നു ലോകം ശ്രദ്ധിച്ച പ്രകടനം കണ്ടത്. കെ ശ്രീകാന്ത് എന്ന ഇരുപത്തൊന്നുകാരന്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് സ്വന്തമാക്കി. ഈ നേട്ടത്തേക്കാള്‍, ലോക, ഒളിമ്പിക് ചാമ്പ്യനും ബാഡ്മിന്റണ്‍ ഇതിഹാസവുമായ ചൈനയുടെ ലിന്‍ ഡാനെ ഫൈനലില്‍ തോല്‍പ്പിച്ചതാണ് ശ്രദ്ധേയം. ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാണ് ശ്രീകാന്ത് സൃഷ്ടിച്ചത്. ഇതോടെ, ലോക റാങ്കിംഗില്‍ ഇന്ത്യന്‍ താരം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
2013 ല്‍ പരുക്കും ഫോം നഷ്ടവും കാരണം പിന്നാക്കം പോയ സൈന നെഹ്‌വാളിന്റെ തിരിച്ചുവരവാണ് 2014 ല്‍ കണ്ടത്. ലോക ചാമ്പ്യനായ സ്‌പെയ്‌നിന്റെ കരോലിന മരിനെ തകര്‍ത്തുവിട്ട സൈന ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ജേതാവായി. ഇതിന് പിന്നാലെ ചൈനീസ് എതിരാളികളെ മറികടന്ന് ചൈന ഓപണും നേടി സൈന കരുത്തറിയിച്ചു.
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന്റെ മികവില്‍ വനിതാ ടീം ഇനത്തില്‍ ഇന്ത്യ ആദ്യ ഏഷ്യാഡ് മെഡല്‍ സ്വന്തമാക്കി. യൂബര്‍ കപ്പിലും സിന്ധു ഉള്‍പ്പെട്ട ടീം വെങ്കലമണിഞ്ഞു.
തുടരെ രണ്ടാം ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയത് മറ്റൊരു ചരിതം.

യോഗേശ്വര്‍ ദത്ത് (ഗുസ്തി)

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമിലേക്ക് യോഗേശ്വര്‍ ദത്തിനെ തിരഞ്ഞെടുത്തത് ട്രയല്‍സ് പോലുമില്ലാതെയാണ്. ഇത് ഇന്ത്യയുടെ ഗുസ്തി ഫെഡറേഷനെ (ഡബ്ല്യു എഫ് ഐ)തിരെ വിമര്‍ശം ഉയരാന്‍ നിദാനമായി. 2012 ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പുകളിലൊന്നും തന്നെ യോഗേശ്വര്‍ പങ്കെടുത്തിരുന്നില്ല. മാത്രമല്ല, സ്ഥിരം വെയിറ്റ് കാറ്റഗറിയായ 60 കി.ഗ്രാമില്‍ നിന്ന് 65 കി.ഗ്രാമിലേക്ക് മാറുന്നതും യോഗേശ്വറിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായി. പരിശീലനങ്ങള്‍ക്കപ്പുറത്ത് പുതിയ ഭാര വിഭാഗത്തില്‍ മത്സരപരിചയമില്ലാത്ത യോഗേശ്വറിനെ ഗെയിംസില്‍ പങ്കെടുപ്പിക്കുന്നത് സ്ഥാപിത താത്പര്യമാണെന്ന് വരെ വിമര്‍ശമുയര്‍ന്നു. എന്നാല്‍, തന്റെ ആത്മാര്‍ഥതയെയും മത്സര നിലവാരത്തേയും ചോദ്യം ചെയ്തവരുടെ വായടപ്പിച്ചു കൊണ്ട് യോഗേശ്വര്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണമണിഞ്ഞു. എല്ലാ മത്സരവും ആധികാരികമായി ജയിച്ചു കൊണ്ടായിരുന്നു യോഗേശ്വറിന്റെ സുവര്‍ണക്കുതിപ്പ്. 1986 സോള്‍ ഒളിമ്പിക്‌സില്‍ കര്‍താര്‍ സിംഗ് ഗുസ്തി സ്വര്‍ണം നേടിയതിന് ശേഷം ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണമായി യോഗേശ്വറിന്റെത്.

പി ആര്‍ ശ്രീജേഷ് (ഹോക്കി)

ഹോക്കിയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് ഗോള്‍ കീപ്പറായിരുന്നു. മലയാളിയായ പി ആര്‍ ശ്രീജേഷ്. ഏഷ്യാഡ് സ്വര്‍ണം ഇന്ത്യ ഉറപ്പിക്കുന്നത് ഷൂട്ടട്ടില്‍ രണ്ട് പെനാല്‍റ്റി കിക്കുകള്‍ ശ്രീജേഷ് തടഞ്ഞിട്ടതോടെയായിരുന്നു. ഫൈനലില്‍ തോല്‍പ്പിച്ചത് പാക്കിസ്ഥാനെയായിരുന്നു. പതിനാറ് വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഹോക്കി സ്വര്‍ണം. റിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതയും ഇതൊടൊപ്പം സാധ്യമായി. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ന്യൂസിലാന്‍ഡിനെതിരെ സെമിഫൈനലില്‍ ഏഴ് തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളാണ് ശ്രീജേഷ് നടത്തിയത്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍ പുരസ്‌കാരത്തിന് ശ്രീജേഷ് നോമിനേറ്റ് ചെയപ്പെട്ടു.

വികാസ് ഗൗഡ (അത്‌ലറ്റിക്‌സ്)

കഠിനാധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും ആള്‍രൂപമാണ് വികാസ് ഗൗഡ എന്ന ഡിസ്‌കസ് ത്രോ താരം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം, തന്റെ ത്രോ ഓരോ സെന്റിമീറ്ററും മെച്ചപ്പെടുത്താന്‍ വികാസ് പരിശ്രമിക്കുകയായിരുന്നു. ഗ്ലാസ്‌ഗോ ഗെയിംസില്‍ 63.64 മീറ്റര്‍ എറിഞ്ഞ് ചാമ്പ്യനായ വികാസ് ഇഞ്ചോണ്‍ ഏഷ്യാഡില്‍ 62.58 മീറ്ററോടെ വെള്ളി മെഡലും സ്വന്തമാക്കി.

ഷൂട്ടിംഗ് (ജിത്തു റായ്, അഭിനവ് ബിന്ദ്ര)

ഇന്ത്യന്‍ ഷൂട്ടിംഗിലെ സൂപ്പര്‍ ഹീറോയായി മാറിക്കൊണ്ടിരിക്കുന്നു ജിത്തു റായ്. ഈ വര്‍ഷം ഏഴ് മെഡലുകളാണ് ഇരുപത്തേഴുകാരന്‍ പോക്കറ്റിലാക്കിയത്. ജൂണില്‍ നടന്ന ലോകകപ്പില്‍ ഒമ്പത് ദിവസത്തിനിടെ മൂന്ന് മെഡലുകളാണ് ജിത്തു നേടിയത്. മ്യൂണിക്ക് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി, മാരിബോറില്‍ നടന്ന ലോകകപ്പില്‍ 50 മീറ്റര്‍ ഫ്രീ പിസ്റ്റളില്‍ വെള്ളിയും 10മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണവും സ്വന്തമാക്കി.
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50 മീറ്റര്‍ ഫ്രീ പിസ്റ്റളിലും സ്വര്‍ണം നേടി.
ഒളിമ്പിക് ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യാഡില്‍ വെങ്കലവും നേടി കൈയ്യൊപ്പ് പതിപ്പിച്ചു. മത്സര രംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും, റിയോ ഒളിമ്പിക്‌സ് കൂടി ലക്ഷ്യം വെക്കുന്നുണ്ട് ബിന്ദ്ര.

പങ്കജ് അദ്വാനി (ക്യു സ്‌പോര്‍ട്)

ബംഗളുരുവില്‍ നിന്നുള്ള ക്യൂ സ്‌പോര്‍ട്‌സ് വിദഗ്ധന്‍ പങ്കജ് അദ്വാനി നാല് ലോക കിരീടങ്ങളുടെ നിറവിലാണ്. ജൂലൈയില്‍ ലോക 6 റെഡ് സ്‌നൂക്കര്‍ കിരീടം നേടിയ പങ്കജ് ഗ്ലാസ്‌ഗോയില്‍ പ്രഥമ ലോക ടീം ബില്യാര്‍ഡ് ചാമ്പ്യന്‍ഷിപ്പിലും കിരീടമധുരം നുണഞ്ഞു. ലീഡ്‌സില്‍ ഒക്‌ടോബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടക്കിരീടത്തോടെ 2014 സമ്പന്നമാക്കി.

സാനിയ മിര്‍സ (ടെന്നീസ്)

ഇന്ത്യന്‍ ടെന്നീസിന്റെ യശസ്സുയര്‍ത്തിയാണ് സാനിയ മിര്‍സ രാജ്യത്തിന്റെ പുത്രിയാണെന്ന് തെളിയിച്ചത്. പാക്കിസ്ഥാന്റെ മരുമകള്‍ എന്ന അധിക്ഷേപത്തെ കിരീട വിജയങ്ങള്‍ കൊണ്ട് തൂത്തെറിഞ്ഞ സാനിയ അഭിമാനസ്തംഭമായി. തന്റെ മൂന്നാമത് മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടം ബ്രസീലിന്റെ ബ്രൂണോ സോറസിനൊപ്പം യു എസ് ഓപണ്‍ ജയിച്ചു കൊണ്ട് സാനിയ ഉയര്‍ത്തി. ഡബ്ല്യു ടി എ ഫൈനല്‍സ് വനിതാ ഡബിള്‍സ് കിരീടം. ഇതില്‍ സിംബാബ്‌വെയുടെ കാര ബ്ലാക്കായിരുന്നു സഖ്യം. സീസണ്‍ അവസാനം നടക്കുന്ന ഈ മെഗാ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ. കരിയര്‍ ബെസ്റ്റായ അഞ്ചാം റാങ്കിലേക്ക് സാനിയ കുതിച്ചു. പ്രമുഖ താരങ്ങള്‍ ഏഷ്യാഡില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ സാനിയ ഇഞ്ചോണില്‍ ത്രിവര്‍ണ പതാകയുടെ അഭിമാനമായി. മിക്‌സഡില്‍ സാകേത് മെയ്‌നെനിക്കൊപ്പം സ്വര്‍ണവും ഡബിള്‍സില്‍ പ്രാര്‍ഥന തോംബാരെക്കൊപ്പം വെങ്കലവും സാനിയ ഇന്ത്യന്‍ മെഡല്‍പ്പട്ടികയിലേക്ക് ചേര്‍ത്തു.

മേരി കോം (ബോക്‌സിംഗ്)

ഇഞ്ചോണ്‍ ഏഷ്യാഡില്‍ സ്വര്‍ണം. മേരി കോം എന്ന ഇതിഹാസ ബോക്‌സര്‍ വിമര്‍ശകരുടെ മൂക്കിനിട്ട് പഞ്ച് ചെയ്യുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സില്‍ തന്നെ പരാജയപ്പെടുത്തിയ പിങ്കി ജാംഗ്രയെ കീഴടക്കിയാണ് ഏഷ്യാഡ് ട്രയല്‍സ് എന്ന കടമ്പ മേരി കോം താണ്ടിയത്. കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയവര്‍ക്ക് ഏഷ്യാഡ് മെഡലോടെ മറുപടി നല്‍കിയ മേരി 2016 റിയോ ഒളിമ്പിക് സ്വര്‍ണം ലക്ഷ്യമിട്ട് ഒരുക്കം ആരംഭിച്ചു.

സ്‌ക്വാഷ് (ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ)

സ്‌ക്വാഷില്‍ ഇന്ത്യയുടെ വര്‍ഷമാണ് കടന്നു പോയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ആദ്യമായി സ്‌ക്വാഷ് സ്വര്‍ണം നേടി. ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ ഡബിള്‍സ് സഖ്യമാണ് ചരിത്രമെഴുതിയത്.
ഇഞ്ചോണ്‍ ഏഷ്യാഡില്‍ സൗരവ് ഗോസാലായിരുന്നു താരം. കപ്പിനും ചുണ്ടിനുമിടയിലാണ് ഗോസാലിന് സ്വര്‍ണം നഷ്ടമായത്. കുവൈത്തിന്റെ അബ്ദുല്ല അല്‍ മുസായെനോട് ഫൈനലില്‍ തോറ്റു. എന്നാല്‍, ടീം ഇനത്തില്‍ ഇന്ത്യയെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് സ്വര്‍ണത്തിലേക്ക് സൗരവ് നയിച്ചു. കുഷ് കുമാര്‍, മഹേഷ്, ഹരീന്ദര്‍ പാല്‍ എന്നിവരായിരുന്നു ടീമംഗങ്ങള്‍.

അനിര്‍ബാന്‍ ലാഹിരി (ഗോള്‍ഫ്)

ഗോള്‍ഫില്‍ അനിര്‍ബാന്‍ ലാഹിരിയുടെ കൈമുദ്ര പതിഞ്ഞ വര്‍ഷം. വിദേശത്ത് ആദ്യ കിരീടം നേടിയ അനിര്‍ബാന്‍ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ ഇടം പിടിക്കുകയും ചെയ്തു. മക്കാവു ഓപണിലും ചാമ്പ്യനായതോടെ ഏഷ്യയിലെ ഒന്നാം നമ്പറായി ലാഹിരി മാറി. രാജ്യം അര്‍ജുന നല്‍കി ആദരിച്ചു.

സന്ദീപ് സെജ്‌വാള്‍ (നീന്തല്‍)

ഏഷ്യയിലെ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യക്ക് അനിതരസാധാരണമായ ഒരു മെഡല്‍ നേട്ടം സന്ദീപ് സെജ്‌വാളിലൂടെ 2014 ല്‍ സംഭവിച്ചു. ഇഞ്ചോണ്‍ ഏഷ്യാഡില്‍ 50 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കിലാണ് സന്ദീപ് വെങ്കലമണിഞ്ഞത്. 28 വര്‍ഷത്തിനിടെ ഇന്ത്യ ഏഷ്യാഡില്‍ നേടുന്ന മൂന്നാമത്തെ മാത്രം മെഡലാണിത്. കാജന്‍ സിംഗ് (1986), വീര്‍ധവാല്‍ ഖാഡെ (2010) എന്നിവരാണ് മുന്‍ഗാമികള്‍. ഏഷ്യാഡ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ഒമ്പതാമത്തെ മാത്രം മെഡലായിരുന്നു സന്ദീപ് നേടിയത്. 1951 ലെ പ്രഥമ ഏഷ്യാഡിലായിരുന്നു പൂളില്‍ നിന്ന് ഇന്ത്യ കൂടുതല്‍ മെഡലുകള്‍ വാരിയത് – ആറെണ്ണം.

Latest