Connect with us

Ongoing News

ആദിവാസി സമൂഹത്തിന്റെ പിന്തുണയോടെ മാവോയിസ്റ്റുകളെ നേരിടും: ചെന്നിത്തല

Published

|

Last Updated

കല്‍പ്പറ്റ: നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വയനാട് പ്രസ്സ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് രണ്ട് യുവാക്കള്‍ അറസ്റ്റിലായ സംഭവം ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചുവരികയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഒരു കലണ്ടറുണ്ടാക്കുകയാണ് അതിന്റെ ആദ്യപടി. ആദിവാസി കോണ്‍ഗ്രസ്, എ കെ എസ്, ഗോത്രമഹാസഭ തുടങ്ങിയ സംഘടനങ്ങള്‍ സമരം നടത്തിയപ്പോള്‍ അവരുമായി നിരവധിവട്ടം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ സാധിച്ചു.
ആദിവാസി സമൂഹത്തിന്റെയും സാധാരണക്കാരുടെയും പിന്തുണയോടെ മാവോയിസ്റ്റുകളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സംഘടനകളുടെ ആവശ്യങ്ങളോട് നല്ല സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഭൂമി, ഭവനം, തൊഴിലില്ലായ്മ, വൈദ്യുതി, കുടിവെള്ളം തുടങ്ങി ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ജില്ലാ ഭരണകൂടത്തോട് ഈ പ്രശ്‌നം സംബന്ധിച്ച് ഗൗരവമായി കാണാനും, നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ മാസവും മൂന്നാമത്തെ തിങ്കളാഴ്ച യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ആദിവാസി സംഘടനാ നേതാക്കളെയടക്കം ഉള്‍പ്പെടുത്തി എല്ലാ മാസവും ചര്‍ച്ച നടത്തും. കൂടാതെ എസ് പിയുടെയും സി ഐയുടെയും നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ ചേരാനും തീരുമാനമെടുത്തിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍ കോളനിയിലെത്തി ഇത്തരം ആളുകള്‍ ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ആദിവാസികളുടെയും ജനങ്ങളുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല. റേഷന്‍കാര്‍ഡ് അടക്കമുള്ള ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ പോലീസിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ തമിഴ്‌നാട്, കര്‍ണാടക, കേരളാ ഡി ജി പിമാരുടെ യോഗം ഇതിനകം തന്നെ ചേര്‍ന്നുകഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്താനും വേണ്ടിവന്നാല്‍ ഒരുമിച്ച് നീങ്ങാനുമാണ് പദ്ധതിയിട്ടിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണികളെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഒരുമിച്ച് നില്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചതാണ്. മാവോയിസ്റ്റുകളെ തോക്കുകൊണ്ട് നേരിടാമെന്ന ധാരണ സര്‍ക്കാരിനില്ല. സാമൂഹികപരമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ത്വരിതഗതിയില്‍ പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബോധപൂര്‍വ്വമായി ആദിവാസികളുടെ ഭൂമി തട്ടിയെടുത്തത് കണ്ടെത്താന്‍ നടപടി സ്വീകരിക്കും. കൂടാതെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം 19000 ഏക്കര്‍ സ്ഥലം കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആദിവാസികളടക്കം ബ്ലേഡ് മാഫിയയുടെ ഇരകളാകുന്നുവെന്ന വാര്‍ത്ത നിലനില്‍ക്കുന്നതിനാല്‍ തന്നെ ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം വയനാട്ടില്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ശ്രീചിത്തിര, മെഡിക്കല്‍ കോളജ് എന്നിവയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ അടിയന്തരമായി നീക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രി എ പി അനില്‍കുമാര്‍, എം പി എം ഐ ഷാനവാസ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എഎന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Latest