ഇറാനെതിരെ വീണ്ടും യു എസ് ഉപരോധം; ഒമ്പത് പേര്‍ കരിമ്പട്ടികയില്‍

Posted on: January 1, 2015 12:14 am | Last updated: January 1, 2015 at 12:14 am

വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള ഉപരോധത്തിന്റെ ഭാഗമായി പുതിയ ഒമ്പത് പേരെ യു എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതിയ ചില സംഘടനകളും ഉപരോധത്തിന് കീഴില്‍ വരുമെന്ന് യു എസ് വ്യക്തമാക്കി. ആണവ വിഷയത്തിലുള്ള ഇറാന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ നീക്കം. ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിനും മോണിറ്ററിംഗിനും ഇറാനെ സഹായിക്കുന്ന ദൗരന്‍ സോഫ്റ്റ്‌വേര്‍ ടെക്‌നോളജിയെയും യു എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇറാന്റെ റവല്യൂഷനറി സൈനിക വിവരങ്ങള്‍ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സഹായം ചെയ്തുകൊണ്ടിരിക്കുന്ന ഇറാന്‍ കമ്പനി അബീസെകിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യു എസ് അറിയിച്ചു.
ആണവ വിഷയത്തില്‍ ഇറാന്റെ നിലപാടുകളെ ചോദ്യം ചെയ്ത് നേരത്തെ വന്‍ശക്തികള്‍ രംഗത്തെത്തിയിരുന്നു. പ്രദേശത്ത് വന്‍ ഭീഷണിയായിരിക്കും ആണവായുധ ശേഷിയുള്ള ഇറാന്‍ സൃഷ്ടിക്കുകയെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാദിക്കുന്നു. എന്നാല്‍ തങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്ന് ഇറാനും വ്യക്തമാക്കുന്നു.