യു ടി ഖാദറിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു; യുവാവ് അറസ്റ്റില്‍

Posted on: January 1, 2015 12:11 am | Last updated: January 1, 2015 at 12:11 am

മംഗളൂരു: കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദറിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മംഗളൂരു സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി നരേഷ് ഗാട്ടിയൊണ് പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി യു ടി ഖാദറിന്റെ ചിത്രത്തോടൊപ്പം പാക്കിസ്ഥാന്റെ പതാക ഒട്ടിച്ചുചേര്‍ത്താണ് ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വാട്‌സ് അപ്പിലൂടെ ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഹമീദ് ഹസ്സന്‍ എന്നയാള്‍ ഉള്ളാള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നരേഷിനെ അറസ്റ്റ് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 66 എ, 67 വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.