National
ബി ജെ പി സഖ്യത്തിലേക്ക് ചായുന്ന സൂചന നല്‍കി പി ഡി പി

ജമ്മു: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി തുടരുന്നതിനിടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ വികസന അജന്‍ഡയിലുള്ള സഖ്യമാണ് ജമ്മു കാശ്മീരില്‍ രൂപവത്കരിക്കുകയെന്ന് പി ഡി പി നേതാവ് മെഹബൂബ മുഫ്തി. ഗവര്‍ണര്‍ എന്‍ എന്‍ വോറയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പി ഡി പിയുടെ പ്രതികരണം കാത്തിരിക്കുകയാണ് തങ്ങളെന്ന് സന്തോഷം പ്രകടിപ്പിച്ച് ബി ജെ പി അറിയിച്ചു.
പി ഡി പിയുടെ ക്ഷണിച്ചാല്‍ പ്രതികരിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് നാഷനല്‍ കോണ്‍ഫറന്‍സിനേക്കാള്‍ പി ഡി പിയുമായി സഖ്യമുണ്ടാക്കുന്നതാണ് സൗകര്യമെന്ന അഭിപ്രായമാണ് സംസ്ഥാന ബി ജെ പിയുടെത്.
ഗവര്‍ണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിലേക്ക് പി ഡി പി സൂചന നല്‍കിയത്. സര്‍ക്കാര്‍ രൂപവത്കരണത്തെ സംബന്ധിച്ച് സംസാരിച്ചപ്പോള്‍ വാജ്പയിയുടെയും നരേന്ദ്ര മോദിയുടെയും പേരുകള്‍ മെഹബൂബ മുഫ്തി പരാമര്‍ശിച്ചു. സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ പേരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മറികടക്കാതിരിക്കുകയാണ് തങ്ങളുടെ മുന്‍ഗണന. ജനതാത്പര്യമനുസരിച്ചുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു മണിക്കൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവര്‍ പറഞ്ഞു. നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവയുമായി വിശാല സഖ്യത്തെക്കുറിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ഡി പി കഴിഞ്ഞ ദിവസം സൂചന നല്‍കിയതിന് പിറകേയാണ് ഈ നിലപാട്. കഴിഞ്ഞ ദിവസം ഗവര്‍ണറെ ബി ജെ പി കണ്ടിരുന്നു. പി ഡി പി, കോണ്‍ഗ്രസ്, എന്‍ സി സഖ്യം രൂപപ്പെടുന്നതില്‍ ബി ജെ പി കടുത്ത അതൃപ്തിയുണ്ടായിരുന്നു.
സംസ്ഥാനത്ത് 55 എം എല്‍ എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്ഥിര സര്‍ക്കാറിനുള്ള ശ്രമമാണ് തങ്ങളുടെ ശ്രമം. വലിയ ഉത്തരവാദിത്വത്തോടെ നരേന്ദ്ര മോദിയില്‍ കാശ്മീരിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. വാജ്പയിയുടെ വികസന അജന്‍ഡ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സഖ്യമാണ് രൂപവത്കരിക്കുക. വികസന അജന്‍ഡയും സമാധാനവും ഒരുപോലെ കൊണ്ടുപോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. വാജ്പയിയുടെ സമാധാന പ്രക്രിയയുടെ യുക്തിസഹമായ പര്യവസാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ജനവിധി ഏറെ വെല്ലുവിളിയുയര്‍ത്തുന്നതും കോണ്‍ഗ്രസിനും എന്‍ ഡി എക്കും അവസരം ഒരുക്കുന്നതുമാണ്. എന്‍ ഡി എയും കോണ്‍ഗ്രസും ഈ അവസരം ഉപയോഗിക്കണം. മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി.
87 അംഗ സഭയില്‍ പി ഡി പിക്ക് 28ഉം ബി ജെ പിക്ക് 25ഉം സീറ്റുകളാണ് ഉള്ളത്. നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം സീറ്റുകളാണ് ഉള്ളത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ വേണം. ഗവര്‍ണര്‍ എന്‍ എന്‍ വോറ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചു പി ഡി പിക്കും ബി ജെ പിക്കും വെവ്വേറെ കത്തുകള്‍ നേത്തെ കൈമാറിയിയിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ജനുവരി 16നാണ്.
അതേസമയം, സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച ബി ജെ പിയുടെ കാഴ്ചപ്പാട് ഔപചാരികമായി ഗവര്‍ണര്‍ക്ക് ഇന്ന് സമര്‍പ്പിക്കും.