പ്രതിരോധ ഇടപാട്: കരിമ്പട്ടികയിലുള്ള കമ്പനികളുടെ നിരോധം നീക്കുന്നു

Posted on: January 1, 2015 12:10 am | Last updated: January 1, 2015 at 12:10 am

ന്യൂഡല്‍ഹി: പ്രതിരോധ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത് പുനരാലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ടട്ര ട്രക്കിനുളള നിരോധം ഭാഗികമായി നീക്കിയിട്ടുണ്ട്. വിദേശ പ്രതിരോധ കമ്പനികളെ നിയമപരമായ ഏജന്റുമാരെ വാടകക്കെടുക്കാന്‍ അനുവദിക്കുന്ന പുതിയ നയം തയ്യാറാക്കുമെന്നും പരീക്കര്‍ അറിയിച്ചു.
ആഭ്യന്തര പ്രതിരോധ വ്യവസായത്തെ പരിപോഷിപ്പിക്കുകയും വേഗത്തിലുള്ള ഏറ്റെടുക്കല്‍ പ്രക്രിയ നടത്തുകയും ചെയ്യുന്ന പുതിയ പ്രതിരോധ സംഭരണ നയം (ഡി പി പി) ഒന്നര മാസത്തിനുള്ളില്‍ പുറത്തിറക്കും. കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികള്‍ക്കുള്ള നിരോധം ഒഴിവാക്കുന്ന നടപടി ആരംഭിച്ചിടടുണ്ട്. സായുധ സേനയുടെ താത്പര്യത്തെ അടിസ്ഥാനമാക്കിയാണ് നടപടി. മുമ്പ് നല്ല പ്രതിച്ഛായയുള്ള കമ്പനികളുമായി മെറിറ്റ് അടിസ്ഥാനത്തില്‍ ഇടപാട് നടത്തും. മെറിറ്റ്, ആവശ്യകത എന്നിവ അടിസ്ഥാനപ്പെടുത്തി വ്യക്തമായ പരിശോധനക്ക് ശേഷം യുക്തിസഹമായ രീതിയില്‍ നിരോധം നീക്കുന്നത് പരിഗണിക്കും. പരീക്കര്‍ വ്യക്തമാക്കി.
ബ്രിട്ടനിലെ അനുബന്ധ കമ്പനിയുമായി ഇടപാട് നടത്താത്തിടത്തോളം കാലം ടട്ര ട്രക്കിന് വേണ്ടി സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യാന്‍ ബി ഇ എം എല്ലിന് അനുവാദം നല്‍കിയിട്ടുണ്ട്. അഴിമതിയെ തുടര്‍ന്ന് ബ്രിട്ടീഷ് ടട്ര കമ്പനിയെ യു പി എ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമില്ലാത്ത യഥാര്‍ഥ കമ്പനിയുമായി ഇടപാട് നടത്തുന്നതാണ് അനുവദിച്ചത്. ടട്ര എന്ന വാക്കിന് പിന്നാലെ പോകുകയല്ല വേണ്ടത്. കാരണം, മൂന്ന്- നാല് കമ്പനികള്‍ ഈ ട്രക്കുകള്‍ നിര്‍മിക്കുന്നുണ്ട്. ടട്ര യു കെക്കാണ് നിരോധം. മറ്റ് ചിലരുടെ ഉടമസ്ഥതയിലുള്ള യഥാര്‍ഥ കമ്പനിയുമായാണ് ഇടപാട്. അതേസമയം, ആരോപണവിധേയരുമായി ബന്ധം പുലര്‍ത്തുന്ന അവസരത്തില്‍ ഇടപാട് അവസാനിപ്പിക്കാന്‍ ബി ഇ എം എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈനിക ആവശ്യത്തിന് ടട്ര വാഹനങ്ങള്‍ ആവശ്യമാണ്. അതിനാല്‍ കര്‍ശനമായ എന്‍ ഒ സി, ബി ഇ എം എല്ലിന് നല്‍കിയിട്ടുമുണ്ട്. പരീക്കര്‍ അറിയിച്ചു.
2012 മാര്‍ച്ചിലാണ് ഹെവി വാഹന നിര്‍മാതാക്കളായ ടട്ര കമ്പനിയെ നിരോധിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് തകരാറുള്ള വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിന് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് അന്നത്തെ സൈനിക മേധാവി വി കെ സിംഗ് ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.