Connect with us

National

ശൈലേഷ് നായക് ഐ എസ് ആര്‍ ഒ അഡ്‌ഹോക് ചെയര്‍മാന്‍

Published

|

Last Updated

ചെന്നൈ: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെ രാധാകൃഷ്ണന്‍ വിരമിച്ചു. ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെക്രട്ടറി ശൈലേഷ് നായകിനെ അഡ്‌ഹോക് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. രാധാകൃഷ്ണന് കഴിഞ്ഞ വര്‍ഷം, ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കുകയായിരുന്നു.
ബറോഡയിലെ എം എസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഭൗമശാസ്ത്രജ്ഞനായ നായക് (61) 2000 വരെ ഐ എസ് ആര്‍ ഒയില്‍ ആയിരുന്നു. ഹൈദരാബാദിലെ ഇന്‍കോയിസി (ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്)ന്റെ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാധാകൃഷ്ണന് കാലാവധി നീട്ടി നല്‍കിയ വേളയില്‍, അടുത്ത ഡയറക്ടറുടെ സ്ഥാനത്തേക്ക് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എം വൈ എസ് പ്രസാദ്, സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ കിരണ്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, ശൈലേഷ് കുമാറിന്റെ കഴിവിന് മുന്നില്‍ ഇവര്‍ നിഷ്പ്രഭരായി.
വളരെ ആസൂത്രണം ചെയ്തുള്ള മിഷനുകള്‍ക്കും ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും ഇസ്‌റോ തയ്യാറായി നില്‍ക്കുന്ന അവസരത്തില്‍ നേതൃസ്ഥാനത്ത് റോക്കറ്റ് ശാസ്ത്രത്തിലും ഭരണ നിര്‍വഹണത്തിലും കഴിവുള്ള ശക്തനായ ഒരാളെയാണ് ആവശ്യം. ഇപ്പോഴത്തെ താത്കാലിക നിയമനമാണെന്നും ഒരു മാസം കാലാവധി നീട്ടി ലഭിക്കുമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

Latest