ബൈക്ക് മോഷണക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: December 31, 2014 12:50 pm | Last updated: December 31, 2014 at 12:50 pm

പാലക്കാട്: ബൈക്ക് മോഷണക്കേസില്‍ രണ്ട്‌പേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുന്നം ക്രസന്റ് ലൈനില്‍ കാജാഹുസൈന്‍(24), കൊടുന്തിരപ്പുള്ളി പാനപറമ്പില്‍ അബ്ദുര്‍ റഹ്മാന്‍(26) എന്നിവരാണ് അറസ്റ്റിലായത്.
മേട്ടുപ്പാളയം സ്ട്രീറ്റ് പൂ മാര്‍ക്കറ്റില്‍ ഐശ്വര്യാ ഫഌവേഴ്‌സിലെ ജോലിക്കാരന്‍ പത്തിരിപ്പാല സ്വദേശി റിസ്‌വാന്റെ യമഹ എഫ്ഇസഡ് ബൈക്ക് മോഷണം പോയ കേസിലാണ് ഇവര്‍ പിടിയിലായത്. റിസ്‌വാന്‍ ജോലി ചെയ്തിരുന്ന അതേ കടയിലാണ് അബ്ദുര്‍ റഹിമാനും ജോലിക്കു നിന്നിരുന്നത്. ഒരു മാസംമുമ്പ് വണ്ടിയുടെ ഒറിജിനല്‍ താക്കോല്‍ കൊണ്ടുപോയി ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിരുന്നു. ആ താക്കോല്‍ ഉപയോഗിച്ചാണ് കഴിഞ്ഞ 26 ന് കാജാഹുസൈനെ കൂട്ടുപിടിച്ച് ബൈക്ക് മോഷ്ടിച്ചത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കൊഴിഞ്ഞാമ്പാറയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ച് ഒളിപ്പിച്ചു.
ബൈക്ക് മോഷണം പോയ വിവരം അറിയിക്കാന്‍ വരുമ്പോള്‍ പരാതിക്കാരനൊപ്പം പ്രതി അബ്ദുര്‍റഹിമാനും ഉണ്ടായിരുന്നു. സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരം ചുരുളഴിഞ്ഞത്. ബൈക്ക് പോലീസ് കണ്ടെടുത്തു. പ്രതികള്‍ കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നോര്‍ത്ത് സി ഐ ആര്‍ ഹരിപ്രസാദ്, എസ് ഐ എം സുജിത്ത്, ജൂനിയര്‍ എസ് ഐ വിഷ്ണു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ എ അശോക് കുമാര്‍, കെ അഹമ്മദ് കബീര്‍, വിശ്വനാഥന്‍, ആര്‍ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.