തിരുവള്ളൂര്‍ കോര്‍പറേഷന്‍ ബേങ്കിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉപരോധം

Posted on: December 31, 2014 9:24 am | Last updated: December 31, 2014 at 9:24 am

വടകര: തിരുവള്ളൂര്‍ കോര്‍പറേഷന്‍ ബേങ്കിന് മുന്നില്‍ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും അനിശ്ചിതകാല ഉപരോധം ആരംഭിച്ചു. വാസയോഗ്യമായ വീടില്ലാത്ത തിരുവള്ളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും രേഖകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഇതേത്തുടര്‍ന്ന് ബേങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. 2006ലാണ് ഭവനശ്രീ വായ്പ അനുവദിച്ചത്. 2008ല്‍ വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും തിരുവള്ളൂര്‍ കോര്‍പറേഷന്‍ ബേങ്ക് മാത്രം രേഖകള്‍ തിരിച്ചുനല്‍കിയില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശാന്ത ചെയര്‍മാനും എം സി പ്രേമന്‍ കണ്‍വീനറുമായി സര്‍വകക്ഷി സമര സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശാന്ത, വൈസ് പ്രസിഡന്റ് എന്‍ കെ വൈദ്യര്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി കണ്ണനാണ്ടി പങ്കെടുത്തു.