Connect with us

National

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി/ ഖരാഗ്പൂര്‍: ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍. സി പി എമ്മും മുന്‍ നഗരവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി. നിയമത്തില്‍ ഇളവ് വരുത്തുന്നത,് പൊതു ലക്ഷ്യത്തിന്റെ പേരില്‍ സ്വകാര്യ താത്പര്യം വെച്ച് ബലം പ്രയോഗിച്ചുള്ള ഭൂമിയേറ്റെടുക്കലിലേക്കും ഭൂമി മാറ്റി മറിക്കുന്നതിലേക്കും നയിക്കുമെന്ന് ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിത ഭൂമിയേറ്റെടുക്കലിലേക്കുള്ള വാതിലുകള്‍ തുറന്നിരിക്കുകയാണ്. പൊതുലക്ഷ്യം എന്ന പേരില്‍ ഏറ്റെടുത്ത ഭൂമി കെട്ടിടനിര്‍മാതാക്കള്‍ക്ക് പതിച്ചുനല്‍കിയ യു പിയിലെ ഉദാഹരണം ജയറാം രമേഷ് ചൂണ്ടിക്കാട്ടി. അമിതമായി ഭൂമിയേറ്റെടുക്കലിലേക്ക് ഇത് നയിക്കും. ഭൂമിയേറ്റെടുക്കലിന് കാലതാമസം വരുന്നെന്ന മോദി സര്‍ക്കാറിന്റെ അവകാശവാദം തള്ളുന്നു. നഷ്ടപരിഹാരം, പുനരധിവാസം എന്നിവയില്‍ മാറ്റം വരുത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ചെലവില്‍കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും ഗുണമുണ്ടാക്കുന്നതാണ് ഭേദഗതിയെന്ന് സി പി എം ആരോപിച്ചു. കര്‍ഷകരുടെയും ഭൂവുടമകളുടെയും യഥാര്‍ഥ താത്പര്യങ്ങളെ കീഴ്‌പ്പെടുത്തുന്നതാണ് ഈ ഭേദഗതി. കല്‍ക്കരി മേഖല സ്വകാര്യവത്കരിക്കുന്നതിന്റെയും ഇന്‍ഷ്വറന്‍സില്‍ എഫ് ഡി ഐ ഉയര്‍ത്തുന്നതിന്റെയും തുടര്‍ച്ചയാണ് ഈ ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് രാജിലൂടെ പാര്‍ലിമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇതെന്ന് സി പി എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അനീതിയും കാപട്യവും നിറഞ്ഞ ഓര്‍ഡിനന്‍സിനെതിരെ പോരാടുമെന്ന് ഖരാഗ്പൂരില്‍ പാര്‍ട്ടിയെ അഭിസംബോധന ചെയ്ത് മമതാ ബാനര്‍ജി പറഞ്ഞു. വളരെ അപകടരമായ അവസ്ഥാ വിശേഷത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഇന്‍ഷ്വറന്‍സിലും പ്രതിരോധത്തിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവന്ന് രാജ്യത്തെ വില്‍ക്കുകയാണ് എന്‍ ഡി എ സര്‍ക്കാറെന്നും മമത ചൂണ്ടിക്കാട്ടി.
അഞ്ച് മേഖലകളെ ഭൂമിയേറ്റടുക്കല്‍ ബില്ലില്‍ നിന്ന് ഒഴിവാക്കി ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. പ്രതിരോധം, ഗ്രാമീണ അടിസ്ഥാന സൗകര്യം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, സര്‍ക്കാറിന് ഭൂമി ഉടമസ്ഥതയുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, വ്യവസായ ഇടനാഴികള്‍ എന്നീ മേഖലകളെയാണ് ഒഴിവാക്കിയത്. കര്‍ഷകരുടെയും വ്യവസായ മേഖലയുടെയും താത്പര്യങ്ങള്‍ തമ്മില്‍ സന്തുലനം ആവശ്യമാണെന്ന ന്യായീകരണമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നോട്ട് വെച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചട്ടങ്ങളില്‍ ഇളവ് വരുത്തുകയും സെക്ഷന്‍ 10 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലെ അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കും. മതപരിവര്‍ത്തനം, ബി ജെ പി മന്ത്രിമാരുടെയും എം പിമാരുടെയും വര്‍ഗീയ പ്രസ്താവനകള്‍ തുടങ്ങിയ വിഷയങ്ങളെ ചൊല്ലി പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം സ്തംഭിച്ചതിനാല്‍ ഇതില്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചിരുന്നില്ല.