Connect with us

International

സ്വതന്ത്ര ഫലസ്തീന്‍: യു എന്‍ രക്ഷാ സമിതിയില്‍ പ്രമേയം

Published

|

Last Updated

റാമല്ല: സ്വതന്ത്ര പദവി ആവശ്യപ്പെട്ട് ഫലസ്തീന്‍ പ്രതിനിധികള്‍ യു എന്നിനെ സമീപിച്ചു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ അറബ് ഗ്രൂപ്പ് യോഗത്തിലാണ് ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി യു എന്‍ സുരക്ഷാ സമിതിക്ക് പ്രമേയം നല്‍കാന്‍ തീരുമാനമായത്. ഇസ്‌റാഈലുമായി സമാധാന ചര്‍ച്ചകള്‍ നടത്താനും അതിലൂടെ രാജ്യത്തെ സ്വതന്ത്രമായി പ്രഖ്യാപിക്കാനും യു എന്‍ നടപടി സ്വീകരിക്കണമെന്ന് ഫലസ്തീന്‍ യു എന്നിന് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. അടുത്ത ദിവസങ്ങളിലായിത്തന്നെ പ്രമേയം യു എന്നിന്റെ സുരക്ഷാ സമിതിയില്‍ വോട്ടിനിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫലസ്തീന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഈബ് എറകാത്ത് പറഞ്ഞു. 2017 ഓടെ രാജ്യത്തെ സ്വതന്ത്ര ടെറിട്ടറിയാക്കണമെന്നാണ് ഫലസ്തീനിന്റെ ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ഫോണില്‍ സംസാരിച്ചു. ഫലസ്തീന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഇസ്‌റാഈലും അമേരിക്കന്‍ പ്രതിപക്ഷവും എതിരാണെങ്കിലും പിന്തുണ വേണമെന്ന് മഹ്മൂദ് അബ്ബാസ് കെറിയോട് ആവശ്യപ്പെട്ടു. ഫലസ്തീന്റെ സ്വാതന്ത്ര്യ ശ്രമങ്ങള്‍ക്ക് നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ട്.1967ല്‍ ഉണ്ടായിരുന്ന അതിര്‍ത്തി പുനഃസ്ഥാപിക്കണമെന്ന് ഫലസ്തീന്‍ യു എന്നില്‍ സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.