Connect with us

Kerala

കെ സി രാമചന്ദ്രന്റെ പരോള്‍ റദ്ദാക്കണമെന്ന് വി എസ്‌

Published

|

Last Updated

തിരുവനന്തപുരം; ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി പി എം മുന്‍ നേതാവുമായ കെ സി രാമചന്ദ്രന്റെ പരോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. പരോള്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇത് ഉടന്‍ റദ്ദ് ചെയ്യണമെന്നും കാണിച്ചാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വി എസ് കത്തയച്ചത്. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും വി എസ് കത്തില്‍ ചൂണ്ടിക്കാട്ടി.

പരോളില്‍ പുറത്തിറങ്ങിയ ശേഷം ഇത് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വി എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ഈ മാസം ഏഴിനാണ് കെ സി രാമചന്ദ്രന് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്. എന്നാല്‍, വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദഫലമായി പരോള്‍ നീണ്ടുപോകുകയായിരുന്നു. ഇതിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ പരാതിയുമായി രംഗത്തെത്തിയിരുന്നു. ടി പി വധക്കേസിലെ പ്രതികളുടെ കാര്യത്തില്‍ നേരത്തേ തന്നെ സി പി ഐ എമ്മില്‍ നിന്ന് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നതിന്റെ തുടര്‍ച്ചയെന്നോണമാണ് നിലവില്‍ വി എസിന്റെ കത്ത്.
അതേസമയം, കെ സി രാമചന്ദ്രന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് രംഗത്തെത്തി. കെ സി രാമചന്ദ്രന് പരോള്‍ അനുവദിച്ചത് അമ്മയുടെ മരണത്തെ തുടര്‍ന്നാണെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പരോള്‍ അനുവദിക്കുന്നതില്‍ നിയമവിരുദ്ധമായ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Latest