‘നയതന്ത്ര കാര്യാലയങ്ങളെ ആശ്രയ കേന്ദ്രമാക്കാന്‍ ശ്രമിച്ചു’

Posted on: December 30, 2014 7:04 pm | Last updated: December 30, 2014 at 7:04 pm

santharam_141213അബുദാബി; ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ പൊതു ജനങ്ങളുടെ ആശ്രയ കേന്ദ്രമായി മാറ്റിയെടുക്കാന്‍ ശ്രമിച്ചതായി യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞു. അടുത്തവര്‍ഷവും പുതിയ നിരവധി ജനകീയ പദ്ധതികള്‍ ആരംഭിക്കും. മറ്റ് രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയത്തിന് മാതൃകയാക്കുവാന്‍ കഴിയുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. സീതാറാം പറഞ്ഞു.
മൗറീഷ്യസ് ഹൈക്കമ്മീഷണറായിരുന്ന ടി പി സീതാറാം 2013 ഡിസംബര്‍ 29നാണ് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നത്. അബുദാബിയിലെയും ദുബൈയിലെയും ജയിലുകള്‍ സന്ദര്‍ശിച്ചാണ് തുടക്കം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നടപടി സ്വീകരിച്ചാണ് മുന്നോട്ട് പോയത്. നിരവധി പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിച്ചു. എംബസിയിലും കോണ്‍സുലേറ്റിലും ഓപ്പണ്‍ ഫോറങ്ങള്‍ ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 12 വരെ മുന്‍കൂര്‍ അനുമതി വാങ്ങാതെ എംബസിയിലും കോണ്‍സുലേറ്റിലും എത്തി പരാതികളും പരിഭവങ്ങളും പറയാം. സീതാറാം തുടക്കം കുറിച്ച പല പദ്ധതികളും ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് സിതാറാമിന്റെ വിവിധ ഇടപെടലുകളെ പ്രത്യേകം പ്രശംസിച്ചിരുന്നു.
യു എ ഇയിലെ ചെറുതും വലുതുമായ സംഘടനകളുടെ പരിപാടികളില്‍ സ്ഥാനപതി നിറസാന്നിധ്യമാണ്. അബുദാബിയിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി വന്നപ്പോഴും, യു എ ഇയുടെ കടലില്‍ കപ്പലില്‍ കുടങ്ങിയ ജീവനക്കാരുടെ പ്രശ്‌നത്തിലും, മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ നിരപരാധി ഷിജുവിന്റെ കാര്യത്തിലും സീതാറാം കാര്യമായി ഇടപെട്ടു. യു എ ഇയുടെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങള്‍ ചെയ്യുന്നതിനും പരിശ്രമിച്ചു.
വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള പ്രവാസികാര്യ വകുപ്പുകളുമായി ബന്ധം ശക്തമാക്കി. സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും വകുപ്പ് സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച് അബുദാബിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം വന്‍ വിജയമായിരുന്നു.
അര്‍ഹരായ പ്രവാസികള്‍ക്കായി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ചു. സ്ഥാനപതികാര്യാലയത്തിലെ കമ്യൂണിറ്റി വെല്‍ഫെയറുമായി സഹകരിച്ച് ‘ഇന്ത്യ ലൈവ്’ എന്ന പേരില്‍ ഇന്ത്യന്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിന് സിറാജില്‍ പ്രത്യേകം ഫീച്ചര്‍ തുടങ്ങി. ഇത്തരം നിരവധി ജനകീയ പദ്ധതികളാണ് സീതാറാം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തുടക്കം കുറിച്ചത്.